Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം, മൂന്നെണ്ണം തള്ളി, ബാക്കിയുള്ളതിൽ തീരുമാനമായില്ല

ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലടക്കം ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്

President signs only one out of the seven bills Kerala governor sent kgn
Author
First Published Feb 29, 2024, 2:56 PM IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രം അംഗീകാരം. ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് രാഷ്ട്രപതിയുടെ തീരുമാനം. എന്നാൽ ഗവര്‍ണറെ സംബന്ധിച്ച് ഏറെ ആശ്വാസകരവുമാണിത്.

ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നൽകിയില്ല. ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. രാഷ്ട്രപതി തടഞ്ഞ ബില്ലുകൾ നടപ്പാകില്ലെന്നും ബില്ലുകൾക്ക് അംഗീകാരം നൽകാത്ത രാഷ്ട്രപതിയുടെ നടപടി ഇവ റദ്ദാകുന്നതിന് തുല്യമാണെന്നുമാണ് വിശദീകരണം.

ലോകായുക്താ ബില്ലിനൊപ്പം സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ)  എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവര്‍ണര്‍ അയച്ചത്. നിയമസഭാ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഏറെ നാൾ ഒപ്പിടാതെ വെച്ച ശേഷം ഒപ്പിട്ട ശേഷമായിരുന്നു മറ്റ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന നിര്‍ണായക നിരീക്ഷണം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഗവര്‍ണറുടെ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios