തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍  എല്ലാ ജില്ലകളിലും ജാഗ്രതാനിർദേശം നൽകിയതായി  ആരോഗ്യമന്ത്രി കെ ശൈലജ. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ഡോക്ടർമാരുള്‍പ്പെടെയുള്ള വിദഗ്ധരുമായി നടത്തിയ അവലോകനയ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. രാത്രി ഏറെ വൈകി നടന്ന യോഗത്തില്‍ മന്ത്രി ശൈലജയ്ക്കൊപ്പം മന്ത്രിമാരായ എസി മൊയ്തീന്‍, സി രവീന്ദ്രനാഥ്, വിഎസ് സുനിൽകുമാര്‍ എന്നിവരും പങ്കെടുത്തു.  

ആകെ 1050 പേരാണ് രോഗബാധിത പ്രദേശത്തുനിന്ന് കേരളത്തിലേക്കെത്തിയത്.  ഇതില്‍ 15 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്. അതില്‍ ഏഴുപേര്‍ ഇന്ന് ചികിത്സയ്ക്കെത്തിയവരാണ്. രോഗ ലക്ഷണങ്ങളോടെ ഒരാളെ കൂടി തൃശൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒമ്പത് പേര്‍ ഐസുലേഷന്‍ വാര്‍ഡിലാണ്. ബാക്കിയുള്ളവരെ വീട്ടില്‍ തന്നെ നരീക്ഷിച്ചുവരികയാണ്.

ഇത്തരത്തില്‍ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവരുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. അതിന് മടി കാണിക്കരുത്. അതേപോലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ ആള്‍ക്കൂട്ടമുള്ളിടത്തേക്ക് പോകരുത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പോസറ്റീവ് കേസ് തൃശൂരായതിനാല്‍ ഇവിടെ കേന്ദ്രമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ആളുകളെ ബോധവല്‍ക്കരിക്കുക  എന്നതിനാണ് മുന്‍ഗണന. സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരങ്ങള്‍ നടത്തും. ആശുപത്രികളില്‍ എങ്ങനെ രോഗികളെ പരിചരിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കും. മാസ്കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാൻ നിർദേശം നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. അത് ഉപയോഗിക്കേണ്ട വിധവും പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. 

നാളെ കളക്ടറേറ്റില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗവും നിശ്ചയിച്ചിട്ടുണ്ട്. നാളെ 11 മണിക്കായിരിക്കും യോഗം. തൃശ്ശൂരിൽ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും. സ്കൂളുകള്‍ മറ്റ് വകുപ്പുകളിലും ഇതുസംബന്ധിച്ച് അവബോധം നല്‍കേണ്ടതുള്ളതിനാലാണ് വകുപ്പുകളുടെ യോഗം വിളിച്ചതെന്നും. രോഗബാധ നേരിടാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും രോഗബാധ സ്ഥിരീകരിച്ച കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന കാര്യത്തില്‍ അവര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.