കൊച്ചി: കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദമെന്ന് മരിച്ച കുമാരിയുടെ കുടുംബം. ഫ്ലാറ്റുടമയായ ഇംതിയാസാണ് പണം വാഗ്ദാനം ചെയ്തതത്. കൊച്ചി ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ നിന്ന് സാരികൾ കൂട്ടിക്കെട്ടി രക്ഷപെടാനുളള ശ്രമത്തിനിടെയാണ് തമിഴ്നാട് കടലൂർ സ്വദേശിനി കുമാരിക്ക് ഗുരുതരമായി പരുക്കേറ്റത്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം കുമാരി മരിച്ചു. ഫ്ലാറ്റുടമയായ ഇംതിയാസ് തടങ്കലിൽ വെച്ചെന്നും രക്ഷപെടാനുളള ശ്രമിത്തിനിടെയാണ് അപകടം സംഭവിച്ചതെന്നുമാണ് ഭർത്താവ് ശ്രീനിവാസിന്‍റെ പരാതിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ പരാതി പിൻവലിക്കാൻ ഫ്ലാറ്റുടമായായ അഭിഭാഷകൻ ഇംതിയാസ് സമ്മർദ്ദം ചെലുത്തിയെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഇതിനായി പണവും വാഗ്ദാനം ചെയ്തു.

ഇതിനിടെ സംഭവം നടന്ന ഫ്ലാറ്റ് സന്ദർശിച്ച വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. എഫ് ഐ ആറിൽ ഫ്ളാറ്റുടമയുടെ പേരുപോലും ചേർക്കാതെ ദുർബല വകുപ്പുകൾ ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനെയാണ് കുറ്റപ്പെടുത്തിയത്. ഇത്തരം വീട്ടുതടങ്കലുകൾ അനുവദിക്കാനാകില്ല. അഡ്വ ഇംതിയാസിനെതിരെ മുന്പും ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസുണ്ടായിരുന്നെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

എന്നാൽ വീട്ടിൽ ജോലിക്കെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ഇംതിയാസിനെതിരെ കേസെടുത്തിരുന്നെങ്കിലും ഹൈക്കോടതി പിന്നീട് ചില പ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്നും കൃത്യമായ മൊഴികൾ കിട്ടിയില്ലെന്നുമാണ് പൊലീസ് വാദം. ഇതിനിടെ അറസ്റ്റ് ഭയന്ന് ഇതിംയാസും കുടുംബവും ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും   കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു.