തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‍ന സുരേഷിന്‍റെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനോട് കേരളാ ഐടി ഇന്‍ഫ്രാസ്‍ട്രെക്ച്ചര്‍ വിശദീകരണം തേടി. സ്വപ്‍നയുടെ നിയമനം വലിയ വിവാദമായതോടെയാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടു. 

സ്പേസ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജര്‍ എന്ന പദവിയിലേക്കുള്ള നിയമനം കേരളാ ഐടി  ഇന്‍ഫ്രാസ്‍ട്രെക്ച്ചര്‍ നേരിട്ടല്ല നടത്തുന്നത്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനാണ് ഇതിന്‍റെ ചുമതല. നിയമനം നടത്തുമ്പോള്‍ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ അടക്കം ഉറപ്പിക്കാനുള്ള ഉത്തരവാദിത്തം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനുണ്ടെന്നാണ് കെഎസ്എല്ലിന്‍റെ വിശദീകരണം. അതിന്‍റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ രേഖകളും കൈമാറാന്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനോട് കേരളാ ഐടി ഇന്‍ഫ്രാസ്‍ട്രെക്ച്ചര്‍ എംഡി ആവശ്യപ്പെട്ടത്. 

സ്വപ്‍നയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ രേഖകളും കൈമാറണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് പ്രകാരം രേഖകള്‍ കേരളാ ഐടി ഇന്‍ഫ്രാസ്‍ട്രെക്ച്ചര്‍ കൈമാറി.