എറണാകുളം: കോതമംഗലം മാർ തോമ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇടവക വികാരി ഫാ ജോസ് പരത്തു വയലിൽ. ഒരേ സമയം ചർച്ചയും പള്ളി പിടുത്തവും ആണ് ഇപ്പോൾ നടക്കുന്നത്. 50 പള്ളി നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യം ആയിരിക്കില്ല കോതമംഗലത്ത് ഉണ്ടാവുക. മത മൈത്രി സംരക്ഷണ സമിതി വ്യാഴാഴ്ച കോതമംഗലം ടൗണിൽ ഹർത്താൽ ആഹ്വനം ചെയ്തിട്ടുണ്ട്. 

കോതമംഗലം പള്ളി കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. എറണാകുളം കളക്ടര്‍ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

പള്ളി കൊവിഡ് സെന്‍റര്‍ ആയി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാൻ ആണോ എന്ന് സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കളക്ടർ കോടതിയെ കബളിപ്പിക്കുകയാണെന്നും കളക്ടറുടെ വിശ്വാസ്യത നഷ്ടമായി എന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താൽ ആണെന്ന് സംശയിക്കുന്നു. അഭിഭാഷക കമ്മിഷനെ നിയോഗിക്കണം എന്ന സർക്കാർ ശുപാർശ കോടതി തള്ളി.