നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം സിപിഐ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം യുവനേതാവായ പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണയായി.  

അടൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഐ. തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെ അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയായി. ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു.

പാർട്ടി തീരുമാനം വന്നതിന് പിന്നാലെ അടൂർ മണ്ഡലത്തിൽ പ്രിജി കണ്ണനായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം യുവനേതാവിലൂടെ നിലനിർത്താനാണ് സിപിഐ ലക്ഷ്യമിടുന്നത്. 2020-25 കാലയളവിൽ കൊല്ലം ജില്ലാ പഞ്ചായത്തിലെ നെടുമ്പന ഡിവിഷനിൽ നിന്നും 10,848 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് പ്രിജി കരുത്ത് തെളിയിച്ചിട്ടുണ്ട്. കേരള സർവ്വകലാശാല സെനറ്റിൽ ജനപ്രതിനിധികളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എഐഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, എഐവൈഎഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് പ്രിജി. കൊല്ലം എസ്.എൻ വനിതാ കോളേജിൽ നിന്നും ബിരുദവും എസ്.എൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പത്തനാപുരം മൗണ്ട് താബൂർ കോളേജിൽ നിന്ന് ബി.എഡ് പൂർത്തിയാക്കി. പരേതനായ ജി. ശശിധരന്റെയും അനിതയുടെയും മകളാണ്. ഭർത്താവ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം യു. കണ്ണൻ. സംസ്ഥാന എക്സിക്യൂട്ടീവ് എടുത്ത ഈ തീരുമാനങ്ങൾക്ക് സംസ്ഥാന കൗൺസിൽ കൂടി ചേരുന്നതോടെ അന്തിമ അംഗീകാരമാകും.