വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ അനുസ്മരിച്ചു. വിഎസിന് പകരക്കാരനില്ലെന്ന് പറഞ്ഞ പിണറായി, വി എസ് വിട പറഞ്ഞ ഒരു വർഷക്കാലം എല്ലാവർക്കും പ്രയാസങ്ങളുടെ കാലമാണെന്നും കൂട്ടിച്ചേർത്തു

ആലപ്പുഴ: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വലിയചുടുകാട്ടിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കളും നിരവധിയായ പ്രവർത്തകരും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ വി എസിന് പകരക്കാരനായി വി എസ് മാത്രമേയുള്ളൂവെന്നും, പാർട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റാൻ അദ്ദേഹം നൽകിയ നേതൃത്വം നിർണായകമായിരുന്നുവെന്നും പിണറായി വിജയൻ അനുസ്മരിച്ചു. വി എസ് വിട പറഞ്ഞ ഒരു വർഷക്കാലം പ്രയാസങ്ങളുടെ കാലമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. പാർട്ടി, നാട്, നാട്ടുകാർ എല്ലാവർക്കും പ്രയാസകാലം തന്നെ. കേരളത്തിൽ പല ആളുകളിലും അസ്വസ്ഥതത നില നിൽക്കുന്നുവെന്നും ഇറാൻ യുദ്ധമടക്കം ഇതിന് കാരണമാണെന്നും പിണറായി വിവരിച്ചു.

ദില്ലി പ്രക്ഷോഭം

വി എസ് അനുസ്മരണ പ്രസംഗത്തിൽ ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പരാമർശിച്ച പിണറായി വിജയൻ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. ദില്ലിയിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളെയും നിരാഹാര സമരങ്ങളെയും തുടക്കത്തിൽ ബി ജെ പി സർക്കാർ നിസ്സാരമായി കണ്ടുവെങ്കിലും, പ്രക്ഷോഭം കൂടുതൽ ശക്തമായതോടെ ഒടുവിൽ ചർച്ചയ്ക്ക് വഴങ്ങേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ രാജ്യത്തെ പുറകോട്ട് അടിക്കുകയാണെന്നും ആർ എസ് എസ് നയിക്കുന്ന ഭരണകൂടത്തിന് ഭരണഘടനയെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു ഡി എഫിന് ‘അരയക്ഷരം’ വിമർശനം

സംസ്ഥാനത്തെ നിലവിലെ യു ഡി എഫ് സർക്കാരിന്റെ നിലപാടുകളെയും പിണറായി വിജയൻ കടന്നാക്രമിച്ചു. മുൻ എൽ ഡി എഫ് സർക്കാർ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടിയപ്പോൾ, കേന്ദ്രവുമായി സംഘർഷത്തിനില്ലെന്ന സമീപനമാണ് പുതിയ യു ഡി എഫ് സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്രത്തിനെതിരെ അരയക്ഷരം മിണ്ടാൻ പോലും യു ഡി എഫ് തയ്യാറാകുന്നില്ലെന്ന് വിമർശിച്ച അദ്ദേഹം, സി എ ജി റിപ്പോർട്ട് പുറത്തുവന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യു ഡി എഫ് പ്രചരിപ്പിച്ച വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.

YouTube video player