ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലേക്ക് തിരിച്ചു. ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി തിരുവല്ലയിൽ 11 സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം മോദി ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലേക്ക് തിരിച്ചു. ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി തിരുവല്ലയിൽ 11 സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. നാലുമണിയോടെയാണ് തിരുവല്ലയിൽ പരിപാടി നടക്കുക. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമുൾപ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുന്നത്. എൻഡിഎ ക്യാമ്പിന് ആവേശം പകർന്നുകൊണ്ടാണ് കേന്ദ്ര നേതാക്കളുടെ പ്രചാരണം മുന്നോട്ട് പോവുന്നത്.
വഴിനീളെ പ്രധാനമന്ത്രിയെ കാണാൻ ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. റോഡ് ഷോ ഇല്ലെങ്കിലും പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദിയുടെ യാത്ര. എട്ടുകിലോമീറ്റർ ദൂരം യാത്ര ചെയ്താണ് തിരുവല്ലയിലെ ചടങ്ങിലേക്ക് എത്തുന്നത്. അതേസമയം, എഫ്സിആർഎ ബില്ലിലെ ഭേദഗതി ഉൾപ്പെടെ വിവാദമായ പശ്ചാത്തലത്തിൽ മോദിയുടെ സന്ദർശനം ശ്രദ്ധേയമാണ്. ക്രൈസ്തവ വിഭാഗങ്ങൾ ഏറെയുള്ള മണ്ഡലങ്ങളായതിനാൽ പ്രധാനമന്ത്രിയുടെ പ്രതികരണം ജനം ഉറ്റുനോക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇത് മൂന്നാംതവണയാണ് മോദി കേരളത്തിലെത്തുന്നത്. 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുൾപ്പെടെ തിരുവല്ലയിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആണ് രണ്ടാമത്തെ പരിപാടി. കിള്ളിപ്പാലം മുതൽ കരമന വരെയാണ് തിരുവനന്തപുരത്തെ മോദിയുടെ റോഡ് ഷോ.
എഫ്സിആർഎ; ക്രൈസ്തവ സഭകളുമായി കൂടുതൽ ചർച്ചക്കൊരുങ്ങി ബിജെപി
എഫ്സിആർഎ നിയമഭേദഗതിയിൽ ക്രൈസ്തവ സഭകളുമായി കൂടുതൽ ചർച്ചക്കൊരുങ്ങി ബിജെപി. സഭാ അധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ അറിയിക്കാൻ സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. സഭകളെ വിശ്വാസത്തിലെടുക്കുമെന്ന് പറയുമ്പോഴും ഭേദഗതിയിൽ ഭയം വേണ്ടെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയെത്തിയ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി, കേരളത്തിൽ ക്രൈസ്തവ സഭകൾ തുറന്നെതിർത്തതോടെ പാർലമെൻറിൽ കൊണ്ടുവരാതെ തലയൂരിയ ബിജെപി അനുനയ വഴിയിലാണ്. ബില്ല് അനിവാര്യമെന്നും ആശങ്ക വേണ്ടെന്നും ആവർത്തിക്കുമ്പോഴും സഭകളുടെ പിന്തുണ കൈവിടുമോ എന്ന പേടിയിലാണ് പാർട്ടി. പ്രചാരണത്തിന് കേരളത്തിലെത്തിയ ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭാ നേതാക്കളെ ഇന്നലെ കണ്ടു. ചർച്ചകൾക്ക് ശേഷമേ പാസാക്കൂ എന്ന് ഉറപ്പുനൽകി. തുടർ ചർച്ചകൾക്ക് സംസ്ഥാന നേതൃത്വത്തെ നിയോഗിച്ചു.
കുറ്റം ചെയ്യുന്നവർക്ക് മാത്രം പേടി മതിയെന്ന് നേതാക്കൾ ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മാത്രമുളള പിന്മാറ്റമെന്ന സംശയം സഭകൾക്കുണ്ട്. ആവശ്യങ്ങൾ പരിഗണിക്കാതെ ബില്ല് വോട്ടെടുപ്പിന് ശേഷം വരുമോ എന്നും ആശങ്ക ഉയരുന്നുണ്ട്. അതേസമയം, ബില്ലിൽ പ്രതിപക്ഷം വിമർശനം തുടരുകയാണ്.



