ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പങ്കുവെച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികൾ പിടിയിലായതായി മന്ത്രി. വലിയ നേട്ടമാണിതെന്ന് മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: കേരളത്തെ ​മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന വലിയ ദൗത്യമാണ് കേരള പൊലീസും മറ്റ് വകുപ്പുകളും ചേ‍ർന്ന് ഏറ്റെടുത്തിട്ടുള്ളതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. നിരോധിത മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. പുതിയതായി രൂപീകരിച്ച പൊലീസ് ടീം വളരെ ഊർജസ്വലമായ നിലയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് പ്രധാന അറസ്റ്റ് നടന്നതായി മന്ത്രി അറിയിച്ചു. 'രണ്ട് പ്രധാനപ്പെട്ട ക്യാച്ചാണ് ലഭിച്ചത്. പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റ‍ർ ചെയ്ത കേസുമായി ബന്ധപ്പെട്ടു നൈജീരയൻ പൗരനെയും പെരുനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റ‍ർ ചെയ്ത കേസുമായി ബന്ധപ്പെട്ടു വിദേശ വനിതയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിൻ്റെ സഹായത്തോടെ വളരെ ശ്രമകരമായാണ് കേരള പൊലീസ് സംഘം നൈജീരയൻ പൗരനെ അറസ്റ്റ് ചെയ്തത്. ബെം​ഗളൂരുവിൽ നിന്നാണ് വിദേശ വനിതയെ പിടികൂടിയത്. വിദേശത്തുനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരും. ഇവരെ പിടികൂടിയത് വലിയ നേട്ടമാണ്'- രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ തൂഫാൻ ഇൻ്റലിജൻസ് എന്ന പേരിൽ ഒരു സംഘത്തെ മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്താനായി മാത്രം നിയോ​ഗിച്ചിട്ടുണ്ട്. മയക്കമരുന്നിൻ്റെ ഉറവിടം കണ്ടെത്തിയാൽ മാത്രമേ അത് നശിപ്പിക്കാൻ കഴിയൂ. മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ആ‍‍ർക്ക് വേണമെങ്കിലും പൊലീസിന് കൈമാറാം. 9497979794, 9497927797 എന്നീ നമ്പരുകളിലേക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം. 9995966666 എന്നീ വാട്സ്ആപ്പ് നമ്പരിലേക്കും വിവരങ്ങൾ നൽകാം. രഹസ്യവിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.