തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; രാഹുൽ ഗാന്ധി നാളെയെത്തും
രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും.
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി.
നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും (14.04.2024,15.04.204) എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 ന് രാത്രി 9 മണി മുതൽ 11 മണി വരെയും 15 ന് രാവിലെ 9 മണി മുതൽ രാവിലെ 11 മണി വരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകീട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്‍റെ മഹാറാലിയില്‍ പങ്കെടുക്കുന്ന അദ്ദേഹം 15, 16 തീയതികളില്‍ വയനാട്ടിലുണ്ടാകും. 18 ന് രാവിലെ കണ്ണൂരും അന്ന് വൈകീട്ട് മൂന്നിന് പാലക്കാടും അഞ്ചുമണിക്ക് കോട്ടയത്തും സമ്മേളനങ്ങളില്‍ പങ്കെടുക്കും. 22ന് തൃശ്ശൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണപരിപാടികളിൽ പങ്കെടുക്കും.