തൃശൂര്‍: തൃശൂര്‍ കേരള വര്‍മ്മ കോളജിലെ അധ്യാപികയായ ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തില്‍ പ്രിൻസിപ്പല്‍ യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. 

ആരില്‍ നിന്നും പരാതി ലഭിക്കാത്തതിനാലാണ് ഇതെന്നും യുജിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ നേരത്തെ യുജിസി നിര്‍ദേശിച്ചിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എല്ലാവരില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് പ്രിൻസിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ യുജിസി ദിപ നിശാന്തില് നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന. 

കവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തില്‍ നേരത്തെ ദീപാ നിശാന്തിനെതിരെ കോളജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയിരുന്നു. അധ്യാപക സംഘടനയായ ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ ജേണലില്‍ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്. യുവകവി എസ് കലേഷിന്‍റെ ' അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ' എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്. 

ഇത് വിവാദമായപ്പോള്‍ ആദ്യം തന്‍റെ തന്നെ കവിതയാണെന്ന അവകാശവാദവുമായി ദീപ രംഗത്തെത്തിയിരുന്നു. പിന്നീട് എം ജെ ശ്രീചിത്രന്‍ തന്‍റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ തന്നതാണെന്ന കുറ്റസമ്മതവും ദീപ നടത്തിയിരുന്നു. കവിത മോഷണ ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.