കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം റാഗിങ് അല്ലെന്ന് പ്രിന്‍സിപ്പല്‍. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയിലാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. വിദ്യാര്‍ത്ഥി നല്‍കിയ പരാതി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വിശദമാക്കി. ഹൗസ് സർജന്മാരായ ആകർഷ്, അശ്വജിത്ത്, നജീം എന്നിവ‍ർക്കെതിരെയാണ് അനെക്സ് പരാതി നൽകിയിരിക്കുന്നത്. റാഗിങ്ങ് തടഞ്ഞതിനെ തുടർന്നാണ് തനിക്ക് മർദനമേറ്റതെന്ന് അനെക്സ് റോൺ ഫിലിപ്പിന്‍റെ അവകാശവാദം.

സംഭവത്തേക്കുറിച്ച് അന്വേഷിച്ച് പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. ബുധനാഴ്ച രാത്രി കോളേജ് ഗ്രൗണ്ടില്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്‍റെ പാലത്തിനും പരിക്കേറ്റിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 

അക്രമത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുടെ കൈയ്ക്ക് പരിക്കുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനെക്സ് റോണ്‍ ഫിലിപ്പിന്‍റെ വലത് കൈക്ക് ഡിസ്‍ലൊക്കേഷന്‍ സംഭവിച്ചിട്ടുണ്ട്. ഇത് ഭേദമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കോളേജ് അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ വിശദമാക്കി. റാഗിങ് ആണ് സംഭവമെന്ന് ബോധ്യപ്പെട്ടാല്‍ അത് പൊലീസില്‍ അറിയിക്കുമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. 

ദേശീയ പവ‍ര്‍ ലിഫ്റ്റിങ് ചാമ്പ്യനായ വിദ്യാര്‍ത്ഥിക്ക് ഹൗസ് സര്‍ജന്‍മാര്‍ അടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. 2017ലും 2018ലും ദേശീയ ചാംപ്യനായിരുന്ന അനെക്സ് ലോക സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയിരുന്നു.