Asianet News MalayalamAsianet News Malayalam

അലനും താഹയും ഭീഷണിപ്പെടുത്തിയെന്ന് ജയിൽ ജീവനക്കാരുടെ പരാതി

ജയിലിൽ പ്രവേശിച്ച സമയം മുതൽ ഇരുവരും നിയമാനുസൃതമായ ശരീര പരിശോധനയ്ക്ക് വഴങ്ങിയില്ലെന്നാണ് ജയിൽ ജീവനക്കാരുടെ പരാതി

Prison officers complaint against Alan and Thaha
Author
Ernakulam, First Published Jun 12, 2020, 8:52 PM IST

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന അലൻ, താഹ എന്നിവർ ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. എൻഐഎ കോടതിയിൽ ഹാജരാക്കുന്നതിന്റെ ഭാഗമായി വിയ്യൂരിൽ നിന്ന് എറണാകുളം ജില്ലാ ജയിലിലേക്ക് താത്കാലികമായി മാറ്റിയപ്പോഴായിരുന്നു സംഭവം.

ജയിലിൽ പ്രവേശിച്ച സമയം മുതൽ ഇരുവരും നിയമാനുസൃതമായ ശരീര പരിശോധനയ്ക്ക് വഴങ്ങിയില്ലെന്നാണ് ജയിൽ ജീവനക്കാരുടെ പരാതി. ഇതോടെ ജോലി തടസ്സപ്പെട്ടു. ജയിലിലുണ്ടായിരുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറഞ്ഞു, നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിച്ചില്ല, പ്രശ്നത്തിൽ ഇടപെടാനും അനുനയിപ്പിക്കാനും ശ്രമിച്ച ജീവനക്കാരോട് ജയിലിന് പുറത്ത് വച്ച് കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ജീവനക്കാർ ആരോപിച്ചിരിക്കുന്നത്.

വിഷയത്തിൽ എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട്, എൻഐഎ കോടതിക്ക് പരാതി നൽകി. ജീവനക്കാരുടെ റിപ്പോർട്ട് പ്രകാരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകാൻ ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി. കോടതി ഉത്തരവ് പ്രകാരം ഇരുവരെയും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റി. ഇവരെ പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കാനും തീരുമാനിച്ചതായി ജയിൽ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios