Asianet News MalayalamAsianet News Malayalam

ബെവ്ക്യൂ ആപ്പ്: എക്സൈസ് മന്ത്രി യോഗം വിളിച്ചു, പല ബാറുകളിലും ടോക്കണില്ലാതെ വിൽപന തുടങ്ങി

 മൊബൈൽ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി ഈ ബാറുകളിലെത്തിയത്. ബെവ്ക്യൂ ആപ്പിൽ ഇനി പ്രതീക്ഷയില്ലെന്നും നേരിട്ട് മദ്യം വിൽക്കാൻ അനുമതി തരണമെന്നും ബാറുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. 

private bars distributing liquor without token in trivandrum
Author
Thiruvananthapuram, First Published May 29, 2020, 11:39 AM IST

തിരുവനന്തപുരം:  തുടർച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവിൽപന വീണ്ടും പ്രതിസന്ധിയിൽ. വിഷയത്തിൽ ഇടപെട്ട എക്സൈസ് മന്ത്രി ഉന്നതതലയോഗം വിളിച്ചു. ബെവ്കോ അധികൃതരടക്കം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. 

അതേസമയം തിരുവനന്തപുരത്തെ  ചില ബാറുകളിൽ ബെവ്ക്യൂ ആപ്പ് ടോക്കൺ ഇല്ലാതെ മദ്യവിതരണം നടത്തി. ബാ‍റുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റ പി.ആർ സുനിൽ കുമാറിൻ്റെ പാപ്പനംകോട്ടെ ബാറിലടക്കമാണ് ടോക്കൺ ഇല്ലാതെ മദ്യം വിതരണം ചെയ്തത്. മൊബൈൽ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി ഈ ബാറുകളിലെത്തിയത്. 

മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടർച്ചയായി രണ്ടാമത്തെ ദിവസവും പ്രവ‍ർത്തന രഹിതമായതോടെയാണ് ടോക്കൺ ഇല്ലാതെ മദ്യം കൊടുക്കാൻ ബാറുടമകൾ തീരുമാനിച്ചതെന്നാണ് സൂചന. ബെവ്ക്യൂ ആപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ഇനി വരുന്നവ‍ർക്ക് മദ്യം നൽകി അതിൻ്റെ കണക്ക് ബെവ്കോയ്ക്ക് കൈമാറുമെന്നും ബാറുടമകളുടെ സംഘടനാ നേതാവ് പിആ‍ർ സുനിൽ കുമാർ അറിയിച്ചു. 

അതേസമയം ടോക്കണില്ലാതെ മദ്യം കൊടുക്കുന്നുവെന്ന വാ‍ർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെ പാപ്പനംകോട്ടെ ബാറിലടക്കം പൊലീസെത്തി ആളുകളെ തടഞ്ഞു. ടോക്കൺ ഇല്ലാതെ വരിയിൽ നിന്നവരെയെല്ലാം പൊലീസ് ഇടപെട്ട് മടക്കി അയച്ചു.

തിരക്ക് കുറയ്ക്കാൻ കൊണ്ടു വന്ന ആപ്പ് പ്രതീക്ഷയ്ക്ക് ഒത്തു ഉയരാത്ത സാഹചര്യത്തിൽ മദ്യം നേരിട്ട് വിൽക്കാൻ അനുവദിക്കണം എന്ന് ബാറുടമകൾ സംസ്ഥാന സ‍ർക്കാരിനോട് ആവശ്യപ്പെട്ടു. മുന്നൂറോളം ബെവ്കോ മദ്യവിൽപനകേന്ദ്രങ്ങൾക്കൊപ്പം 800-ലേറെ ബാറുകളും കൂടി ചേരുമ്പോൾ മദ്യലഭ്യത ഉറപ്പാക്കാനാവുമെന്നും തിരക്കിന് സാധ്യതയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.  

Follow Us:
Download App:
  • android
  • ios