കണ്ടക്ടർ സീറ്റിലിരിക്കുകയായിരുന്ന വിനോജിനെ ഫോർക്ക് ഉപയോഗിച്ചാണ് ഡ്രൈവർ ബാബു രാജ് കുത്തിയത്.

തിരുവനന്തപുരം: മദ്യ ലഹരിയിൽ സ്വകാര്യ ബസ് ഡ്രൈവർ ബസ്സിനുള്ളിൽ കയറി കണ്ടക്ടറെ കുത്തി. കിഴക്കേ കോട്ടയിലാണ് സംഭവം. വിനോജ് എന്ന യുവാവിനെ ബസ് ഡ്രൈവറായ ബാബുരാജ് ആണ് കുത്തിയത്. നാളുകളായി നീണ്ടു നിന്ന വ്യക്തിവിരോധത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ വിനോജ് വധശ്രമകേസിലെ പ്രതിയാണ്.

കണ്ടക്ടർ സീറ്റില്‍ ഇരിക്കുകയായിരുന്ന വിനോജിനെ ഫോർക്ക് ഉപയോഗിച്ചാണ് ഡ്രൈവർ ബാബു രാജ് കുത്തിയത്. ആവർത്തിച്ച് ആവർത്തിച്ച് കുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് വിനോജിനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ് പ്രതി ബാബുരാജിന് പരിക്കേറ്റിട്ടുണ്ട്. ഇയാളും നിലവില്‍ ചികിത്സയിലാണ്.

ബാജുരാജ് ഓടിക്കുന്ന ബസ്സിന്‍റെ പിന്നിൽ വിനോജ് കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സ് ഇടിച്ചിരുന്നു. വിനോജ് ജോലി ചെയ്യുന്ന ബസ്സില്‍ ഡ്രൈവറായി ജോലിക്ക് കയറാന്‍ ബാബുരാജ് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബാബുരാജ് മദ്യപാനിയാണെന്ന് പറഞ്ഞ് വിനോജ് ഈ നീക്കം തടഞ്ഞു. ഇതാണ് ബാബുരാജിനെ പ്രകോപിപ്പിച്ചത്. വിനോജിനെ അക്രമിക്കുന്നതിന് രണ്ടു ദിവസമായി ബാബുരാജ് ആയുധവുമായി നടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പരിക്കേറ്റ വിനോജ് കൊലക്കേസില്‍ പ്രതിയാണ്. ഒരു യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് വിനോജ് റിമാന്‍റില്‍ കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയതിന് ശേഷമാണ് ബസില്‍ ജോലിക്ക് കയറിയത്. ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ബസ് ജീവനക്കാര്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം