തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. ലോക്ഡൗണിന് ശേഷം ഓടിത്തുടങ്ങിയ സ്വകാര്യ ബസ്സുകളില്‍ ജീവനക്കാരുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടാക്കി.  ആയിരവും ആയിരത്തിയഞ്ഞൂറും ദിവസവരുമാനം കിട്ടിയിരുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇരുനൂറ്റിയമ്പത് രൂപ പോലും കിട്ടാത്ത സ്ഥിതിയാണിപ്പോള്‍. 

സ്ഥാനത്തെ മിക്ക സ്വകാര്യ ബസ്സ് ജീവനക്കാരുടെയും സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതത്തെ സ്വീകരിച്ച് തുടങ്ങിയിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതോടെ ബസ്സുകളില്‍ ആളുകള്‍ കയറാതെയായി. 

ലോക്ഡൗണിന് ശേഷം ഓട്ടം തുടങ്ങിയെങ്കിലും എല്ലാം പേരിന് മാത്രം. കോഴിക്കോട് ആകെയുള്ള 1300 സ്വകാര്യ ബസ്സുകളില്‍ നൂറ്റിയമ്പതെണ്ണം പോലും സര്‍വീസ് തുടങ്ങിയില്ല. അധികചാര്‍ജ് എടുക്കാനാവത്തോടെ ഇതില്‍ തന്നെ ഭൂരിപക്ഷം ബസ്സുകളും ഓടാതെയായി. ഓടുന്ന ബസ്സുകളില്‍ തന്നെ മിക്കതും ആളുകളില്ലാതെയാണ്.