ബെംഗലൂരു: അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടി. ബെംഗലൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയിലധികമാണ് വർധന. തിരക്ക് നേരിടാൻ കേരള കർണാടക ആർടിസികൾ അമ്പതോളം അധിക സർവീസുകളാണ് നടത്തുന്നത്.

യാത്രക്കാർക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതാക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. നാട്ടിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നവർ യാത്ര സർക്കാർ ബസുകളിലാക്കി. സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാർ വരെയാണ് കെഎസ്ആർടിസിൽ കയറാറുള്ളതെങ്കിൽ നാല് ദിവസമായി അത് 2500 കടന്നു. തിരക്ക് നേരിടാൻ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും സ്പെഷ്യൽ സർവീസുകൾ തുടങ്ങി. 

കണ്ണൂർ, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്പെഷ്യൽ സർവീസുകളും ഫലം കാണുന്നുണ്ട്. വാരാന്ത്യങ്ങളിലാണ് തിരക്കേറുക. 21 അധിക സർവീസുകൾ കർണാടക ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഉളള പെർമിറ്റ് കൊണ്ട് സേലം വഴി കേരളത്തിന്‍റെ സ്പെഷ്യൽ വണ്ടികളും ഉണ്ടാകും. സമരം തുടരുകയും തിരക്കേറുകയും ചെയ്താൽ കൂടുതൽ ബസുകളിറക്കാനാണ് കെഎസ്ആർടിസികളുടെ ആലോചന.