തിരുവനന്തപുരം: അൺ എയ്ഡഡ് മേഖലയിലെ അദ്ധ്യാപികമാർക്ക് ആറ് മാസത്തെ പ്രസവ അവധി നൽകുന്നതിനെ എതിർത്ത് മാനേജ്മെന്‍റുകള്‍. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്ന് സിബിഎസ് ഇ മാനേജ്മെന്‍റ് അസോസിയേഷൻ വ്യക്തമാക്കി. ഗർഭിണികളായ അധ്യാപകരെ ഇനി മാനേജ്മെന്‍റുകള്‍ നിയമിക്കാതിരുന്നാൽ തടയാനാകില്ലെന്നാണ് അൺ എയ്ഡഡ് മാനേജ്മെൻറുകളുടെ മുന്നറിയിപ്പ്

വനിതാ ദിനത്തിലെ സർക്കാർ തീരുമാനം ആശ്വാസമായത് സ്വാശ്രയ മേഖലയിലെ ആയിരക്കണക്കിന് സ്ത്രീ ജീവനക്കാർക്ക്. പക്ഷെ കടുത്ത എതിർപ്പും സ്ത്രീ വിരുദ്ധ നിലപാടും ഉയർത്തി തീരുമാനം അട്ടിമറിക്കാനൊരുങ്ങുകയാണ് മാനേജ്മെൻറുകൾ. ഓൾ കേരള സെൽഫ് ഫൈനാൻസിംഗ് സ്കൂൾ ഫെഡറേഷൻ അദ്ധ്യക്ഷന്‍റെ പ്രതികരണം ഇങ്ങിനെ.

മാനേജ്മെൻറുകളുമായി ആലോചിച്ചില്ല. 6 മാസത്തെ അവധിക്കാലം ശമ്പളം നൽകാനാകില്ല എന്നൊക്കെയാണ് സിബിഎസ്ഇ മാനേജ്മെൻറുകളുടെ പരാതി സിബിഎസ്ഇ മേഖലയിൽ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നാണ് സംഘടന പറയുന്ന മറ്റൊരു കാരണം. 

അതേ സമയം പ്രസാവവാധി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയ സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. ശമ്പളം സർക്കാറല്ല കൊടുക്കുന്നത് എന്നതിനാൽ അവധിക്കാല ആനുകൂല്യങ്ങൾ മാനേജ്മെൻറുകൾ നിഷേധിച്ചാൽ വലിയ തർക്കങ്ങളിലേക്കും നിയമപ്പോരാട്ടത്തിലേക്കും നീങ്ങാനും സാധ്യതയുണ്ട്.