തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കൈമാറാനുള്ള കരാർ കാലാവധി നാളെ അവസാനിക്കാനിരിക്കെ ദില്ലിയിൽ നിർണായക ചർച്ചകൾ. രാജ്യതലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്രമന്ത്രിമാരുമായി വിഷയം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തും. സംസ്ഥാന സർക്കാർ രൂപീകരിച്ച ടിയാലിനെ കൂടി നടത്തിപ്പിൽ പങ്കാളിയാക്കാമെന്ന നിർദ്ദേശം അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചതായാണ് സൂചന.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ടെണ്ടറിൽ ഒന്നാമത് എത്തിയ അദാനി ഗ്രൂപ്പിന് കേന്ദ്രസർക്കാർ ഇത് വരെ വിമാനത്താവളനടത്തിപ്പ് കൈമാറിയിട്ടില്ല. അതേസമയം വിമാനത്താവളം ഏറ്റെടുത്ത് നടത്താമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോടും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. അദാനിയാകട്ടെ പിന്മാറുമെന്ന സൂചന ഇതുവരെ നൽകിയിട്ടുമില്ലാത്ത സാഹചര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. 

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കോടികൾ നിക്ഷേപിച്ച അദാനി സംസ്ഥാന സർക്കാരിനെ പിണക്കാൻ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനത്താവള നടത്തിപ്പിനായി സർക്കാർ രൂപീകരിച്ച ടിയാലിനും ഓഹരിപങ്കാളിത്തം നൽകാനുള്ള അദാനിയുടെ നീക്കം. നേരത്തെ ടിയാൽ അദാനിയുമായി കൈകോർക്കാൻ ശ്രമിച്ചെങ്കിൽ, ഇപ്പോൾ അദാനിയാണ് ടിയാലിനെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ അദാനി ഗ്രൂപ്പിന്റെ ആ നിർദ്ദേശത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പക്ഷെ പലതരത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 

അദാനിയുമായി കൈകോർത്താൽ ഉണ്ടാകാവുന്ന രാഷ്ട്രീയ വിമർശനങ്ങൾ സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. അദാനിയുമായുള്ള കൈകോർക്കൽ ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നായിരുന്നു അടുത്തിടെ മുഖ്യമന്ത്രിയുടെ പ്രതികരണം. കരാർ കാലാവധി നാളെ അവസാനിച്ചാലും മൂന്ന് മാസം നീട്ടാനുള്ള സാധ്യതയുമുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി തുടങ്ങിയവരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ദേശീയ പാതവികസനവും ചർച്ചയായേക്കും.