കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല അഭിഭാഷകനെ മാറ്റി. പ്രിയ വർഗീസിന് യോഗത്യ ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ നാളെ അറിയിക്കും.
ദില്ലി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വർഗീസിന്‍റെ നിയമനക്കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പ്രിയ വർഗീസിന് യോഗത്യ ഇല്ലെന്ന നിലപാട് സർവകലാശാല കോടതിയെ അറിയിക്കുമെന്നാണ് വിവരം. സർവകലാശാലയുടെ സുപ്രീംകോടതിയിലെ സ്റ്റാൻഡിങ് കോൺസലിനെയും കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് മാറ്റി.
അധ്യാപന പരിചയത്തിന്‍റെ കാര്യത്തിൽ പിഎച്ച്ഡി പഠനകാലം കൂടി കണക്കാക്കാമോ എന്നതാണ് പ്രിയ വർഗീസ് കേസിലെ പ്രധാന നിയമപ്രശ്നം. പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ യുജിസിയും ഡോ. ജോസഫ് സ്കറിയയും നൽകിയ ഹർജികളാണ് നാളെ സുപ്രീംകോടതി പരിഗണിക്കുന്നത്.ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പ്രിയ വർഗീസിന്റെ നിയമനം നിയമപരവും ചട്ടപ്രകാരവുമാണെന്നായിരുന്നു നേരത്തെ സർവകലാശാല സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ഈ നിലപാട് സർവകലാശാല തിരുത്തുമെന്നാണ് വിവരം. നിയമനം സുതാര്യമായിരുന്നില്ലെന്നും പ്രിയ വർഗീസിന് തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലെന്നുമുള്ള നിലപാട് കോടതിയെ അറിയിക്കാനാണ് തീരുമാനം.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യയ്ക്ക് വഴിവിട്ട നിയമനമാണ് സർവകലാശാല നല്കിയതെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. സംസ്ഥാനത്ത് ഭരണം മാറിയതോടെ ഇതെ നിലപാട് സർവകലാശാലയും കോടതിയെ അറിയിക്കാൻ പോകുകയാണ്. ഇതിനിടെയാണ് സർവകലാശാല സ്റ്റാൻഡിംഗ് കോൺസിലിനെയും മാറ്റുന്നത്. കേസിൽ നേരത്തെ കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി ഹാജരായിരുന്നത് മുൻ എസ്.എഫ്.ഐ നേതാവും സിപിഎം സഹയാത്രികനുമായ കെ ആർ സുഭാഷ് ചന്ദ്രനായിരുന്നു. എന്നാൽ ഈ മാസം മൂന്നിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ പിഎസ് സുൾഫിക്കർ അലിയെ സർവകലാശാലയുടെ കേസുകളും ഏൽപ്പിക്കാനാണ് തീരുമാനം. ഇതുവരെ നിയമനം ശരിയാണെന്ന് വാദിച്ച സർവകലാശാല തന്നെ നിയമനത്തിന്റെ സുതാര്യതയും യോഗ്യതയും ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുന്നതിനോട് കോടതി എങ്ങനെ പ്രതികരിക്കും എന്നത് കേസിൽ നിർണായകമായി മാറും.

