ദില്ലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് വൈകരുതെന്നും പിഎം ശ്രീ പദ്ധതി നടപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ പിഎം ശ്രീ പദ്ധതിയെച്ചൊല്ലി എഐസിസി നേതൃത്വത്തിന് എതിർപ്പുണ്ടെന്നാണ് വിവരം.

ദില്ലി: പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി കേരളഹൗസിലേക്ക് മടങ്ങി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേരളത്തിലെ കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് വിവരം.

തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി നൽകിയെന്നും പറയുന്നു. മുഴുവൻ സമയ അധ്യക്ഷൻ വരണമെന്നാണ് സതീശന്റെ നിലപാട്. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച നടന്നില്ല. കേരളത്തിൽ പിഎം ശ്രീ നടപ്പാക്കേണ്ടെന്നതിൽ എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നില്ലെന്നാണ് സൂചന. കേരളത്തിൽ പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദങ്ങൾ എഐസിസി അംഗീകരിക്കാനിടയില്ല. സംഘപരിവാർ അജണ്ടയെന്ന നിലപാടിൽ തന്നെയായിരിക്കും നേതൃത്വം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

പിഎം ശ്രീ നടപ്പാക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പിഎം ശ്രീ ഒപ്പിടണമെന്ന് അദ്ദേഹം പറയുന്നു. പിഎം ശ്രീ ഒപ്പിടുന്നതിൽ വ്യക്തത തേടി കേന്ദ്രവും കത്തയച്ചിരുന്നു. എന്നാൽ, ഒരുവിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ പിഎം ശ്രീ ഒപ്പിടുന്നതിനെ എതിർത്തിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പ​ദ്ധതി, ഭരണത്തിലേറിയപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പിഎം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്എസ് അജണ്ടയാണെന്നും പറയുന്നു. എന്നാൽ, കോണ്ഡ​ഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയിരുന്നു.