പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്കൂളുകളിലും ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനം നിരോധിക്കണമെന്ന പ്രിയങ്ക് ഖാര്‍ഗെയുടെ നിവേദനം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ബെംഗളൂരു: സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യർത്ഥന പരിശോധിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിര്‍ദേശം നല്‍കി. പ്രിയങ്ക് ഖാർഗെ ഒക്ടോബർ 4 ന് നൽകിയ നിവേദനത്തിൽ മുഖ്യമന്ത്രി നടപടി സ്വീകരിച്ചതോടെ വിവാദത്തിന് തിരികൊളുത്തി. പ്രിയങ്കിന്റെ കത്തിൽ പരിശോധിച്ച് ആവശ്യമായ നടപടി ഉടനടി പ്രാബല്യത്തിൽ വരുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. ആർഎസ്‌എസ് ശതാബ്ദി വർഷം ആഘോഷിക്കുന്ന സമയത്താണ് ഈ നീക്കം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ ആര്‍എസ്എസും ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ബിജെപി പ്രവർത്തകരും നേതാക്കളും ബെംഗളൂരുവിൽ പദസഞ്ചലനം നടത്തി.
ആർഎസ്‌എസിന്റെ രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പ്രിയങ്കിന് അറിയില്ലെന്നും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംഘടനയെ അംഗീകരിച്ചിരുന്നുവെന്നും സംസ്ഥാന ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര പറഞ്ഞു. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറുകള്‍ ആർഎസ്‌എസിനെ നിരോധിച്ചു. പിന്നീട് അത്തരം ഉത്തരവുകൾ പിൻവലിച്ചു. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം, 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ആർഎസ്‌എസിനെ അനുവദിച്ചുവെന്നും വിജയേന്ദ്ര പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും കുറിച്ച് കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ നിഷേധാത്മക വികാരങ്ങൾ കുത്തിവയ്ക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്ന് പ്രിയങ്ക് തിരിച്ചടിച്ചു. ഭിന്നിപ്പിക്കുന്ന ശക്തികൾ ഭരണഘടനയുടെ മൂല്യങ്ങളെ കാറ്റിൽ പറത്തുമ്പോൾ, അവയെ അടിച്ചമർത്താൻ നമുക്ക് ശക്തിയും അധികാരവും നൽകുന്നത് ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് പ്രചരിപ്പിച്ച മൗലികവാദ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം മൂലമാണ് ഇന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പെറിയുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ബാബാ സാഹിബ് അംബേദ്കറെ അപമാനിക്കുന്ന മാനസികാവസ്ഥ വളർന്നുവന്നിരിക്കുന്നു. കുട്ടികളിലും യുവജന സമൂഹത്തിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള ആർഎസ്‌എസിന്റെ ശ്രമങ്ങൾ തടയുന്നതിനും ഭരണഘടനയുടെ ആദർശങ്ങളായ ഐക്യം, സമത്വം, സമഗ്രത എന്നിവ ഉയർത്തിപ്പിടിക്കുന്നതിനുമായി എല്ലാ സർക്കാർ, പൊതു സ്ഥലങ്ങളിലും ആർഎസ്‌എസിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് അഭ്യർത്ഥിച്ച് ഞാൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഖാര്‍ഗെ വ്യക്തമാക്കി. മറ്റ് സംഘടനകൾക്ക് യോഗങ്ങൾ നടത്താൻ അനുവദിക്കാതെ, ആർഎസ്‌എസിന്റെ 'ശാഖകൾ' നടത്താൻ പോലീസ് എങ്ങനെ അനുവദിച്ചുവെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.
