Asianet News MalayalamAsianet News Malayalam

ലഖിംപൂ‍ർ സംഭവം: പ്രിയങ്ക ഗാന്ധി അറസ്റ്റിൽ, ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ തടഞ്ഞ് യു.പി പൊലീസ്

 ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ ലക്നൗ വിമാനത്താവളത്തിൽ യുപി പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ബാ​ഗൽ ലക്നൗ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Priyanka gandhi arrested by UP Police
Author
Lucknow, First Published Oct 5, 2021, 2:43 PM IST

ലക്നൗ: ലഖിംപൂര്‍ സംഭവത്തിൽ (lakhimpur) കടുത്ത നടപടികളുമായി യുപി പൊലീസ് (UP Police). എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ (Priyanka gandhi) കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ദിപേന്ദർ സിംഗ് ഹൂഡ, ഉത്ത‍ർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു കോൺ​ഗ്രസ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. 

ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട ക‍ർഷകരുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു. പ്രിയങ്കയെ പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥരാണ് അറസ്റ്റ് ചെയ്തത് എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് പി.ചിദംബരം പ്രതികരിച്ചു. 

നിലവിൽ സീതാപ്പൂ‍ർ പൊലീസ് കസ്റ്റഡിയിലുള്ള പ്രിയങ്കയെ കാണാനായി എത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ ലക്നൗ വിമാനത്താവളത്തിൽ യുപി പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ബാ​ഗൽ ലക്നൗ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

അതേസമയം ഉത്തർപ്രദേശ് വൻവികസനത്തിൻറെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 9 ലക്ഷം കുടുംബങ്ങൾക്ക് നഗരങ്ങളിൽ യോ​ഗി സർക്കാർ വീട് വച്ചു നൽകിയെന്നും ദീപാവലി ദിനത്തിൽ ഈ വീടുകളിൽ 18 ലക്ഷം ദീപം തെളിയിക്കണമെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാ‍ർഷികം പ്രമാണിച്ച് യുപിയിൽ നടപ്പാക്കുന്ന പുതിയ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി ലക്നൗവിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. ഏഴ് വ‍ർഷത്തെ ബിജെപി ഭരണത്തിൽ ഒരുകോടിയിലേറെ കുടുംബങ്ങൾക്ക് വീട് വച്ചു നൽകാൻ സാധിച്ചെന്ന് മോദി അവകാശപ്പെട്ടു. അതേസമയം ലഖിംപൂര്‍ സംഭവത്തെക്കുറിച്ചോ കർഷകസമരത്തെക്കുറിച്ചോ മോദി ഒന്നും പറഞ്ഞില്ല. 

ഇതിനിടെ ലഖീംപൂ‍ർ സംഭവം എങ്ങനെയുണ്ടായെന്ന് അറിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രംഗത്തെത്തി. ലഖിംപൂര്‍ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ അജയ് മിശ്രയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അജയ് മിശ്രയുടെ പ്രതികരണം. ദൃശ്യങ്ങൾ ആയുധമാക്കിയ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി മാപ്പു പറയണം എന്നാവശ്യപ്പെട്ട് രം​ഗത്ത് വന്നിരുന്നു. എന്നാൽ കർഷകർക്കാർക്കും വെടിയേറ്റില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

മോദിജി ഈ വിഡിയോ കണ്ടോ. താങ്കളുടെ മന്ത്രിസഭയിലെ ഒരംഗത്തിൻറെ മകൻ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിൻറെ ദൃശ്യമാണിത്. എന്തുകൊണ്ടാണ് ഇതുവരെ ഈ മന്ത്രിയെ താങ്കളുടെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് - ദൃശ്യങ്ങൾ പങ്കുവച്ച് കൊണ്ട് പ്രധാനമന്ത്രിയോടായി പ്രിയങ്ക ഗാന്ധി ചോദിച്ചു. 

പ്രതിഷേധിച്ച് മുന്നോട്ടു പോകുന്ന കർഷകർക്കിയിലേക്ക് ഒരു ജീപ്പും മറ്റൊരു വാഹനവും ഇടിച്ചു കയറ്റുന്നു. കർഷകർ രണ്ടു വശത്തുമായി വീഴുന്നു പിന്നീട് വാഹനം നിറുത്തി ഒരാൾ ഇറങ്ങി ഓടുന്നു. ഈ ദൃശ്യങ്ങളാണ് കോൺഗ്രസ് നേതാക്കൾ പുറത്തു വിട്ടത്. ദൃശ്യങ്ങൾ യഥാർത്ഥമാണോ എന്ന് പൊലീസ് പ്രതികരിച്ചിട്ടില്ല. കർഷകർ വാഹനത്തിൻറെ ഡ്രൈവറെ വളഞ്ഞിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തു വന്നിരുന്നു. വാഹനത്തിനു നേരെ കല്ലേറ് നടന്നപ്പോൾ നിയന്ത്രണം വിട്ടാണ് അപകടം നടന്നത് എന്ന് ബിജെപി വാദിച്ചിരുന്നു. എന്നാൽ പുറത്തു വന്ന ദൃശ്യങ്ങളിൽ ഇതിൻറെ സൂചനയില്ല. 

ദൃശ്യങ്ങൾ പ്രതിപക്ഷത്തിന് വലിയ ആയുധമായി മാറിയിട്ടുണ്ട്. ലക്നൗവിൽ എത്തിയ പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ബിജെപി നേതാവ് വരുൺഗാന്ധിയും വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ആരുടെയും നടുക്കുന്ന കാഴ്ചയെന്ന് കുറിച്ച് വരുൺ ഗാന്ധി അതൃപ്തി പ്രകടമാക്കി.

രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്ന് കർഷകർ നല്കിയ പരാതിയിലാണ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് കേസ്. അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. മർദ്ദനത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബം കർഷകസംഘടന നേതാക്കൾക്കെതിരെയും കേസ് നല്കിയിട്ടുണ്ട്. മരിച്ച കർഷകർക്ക് ആർക്കും വെടിയേറ്റിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 

രക്തസ്രാവം ആണ് മരണത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ട് പറയുന്നു. കർഷകർ എന്ന പേരിൽ അക്രമം നടത്തിയത് ഖാലിസ്ഥാനി തീവ്രവാദികൾ എന്ന വാദം ആവർത്തിക്കുകയാണ് ബിജെപി. എന്നാൽ സംഭവം കൈകാര്യം ചെയ്ത രീതിയിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി പുകയുകയാണ്

Follow Us:
Download App:
  • android
  • ios