Asianet News MalayalamAsianet News Malayalam

എംപിയെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ തരംതാഴ്ത്തി; കാർഷിക സർവകലാശാലയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ഇടത് സംഘടന

രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്

pro cpim organisation protest disturbs Kerala Agricultural university operations
Author
First Published Nov 29, 2022, 7:33 PM IST

തൃശ്ശൂർ: കേരള കാര്‍ഷിക സര്‍വ്വകലാശയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് സിപിഎം അനുകൂല സംഘടന. ഇവർ നടത്തുന്ന സമരം 50ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടി. സമര സമിതിയുടെ കത്ത് പരിഗണിച്ച് കൃഷി മന്ത്രി പി പ്രസാദ് സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാൻ സാധ്യതയുണ്ട്.

രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. സർവകലാശാല എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി വി ഡെന്നിയെ തരംതാഴ്ത്തുകയാണ് ചെയ്തത്. ഇതിനെതിരായാണ് അസോസിയേഷൻ സമരം ചെയ്യുന്നത്. ഓഫീസ് ഉപരോധിച്ചാണ് സമരം. ഇതിനാൽ രജിസ്ട്രാര്‍ക്ക് ഇവിടേക്ക് വരാൻ കഴിയുന്നില്ല. ക്ലാസുകള്‍ മുടങ്ങി. ജീവനക്കാരില്‍ ഭൂരിഭാഗവും സമരത്തിലായതിനാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളും താളം തെറ്റി.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ റാങ്കിങ്ങില്‍ കഴിഞ്ഞ കൊല്ലം 28 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ കാര്‍ഷിക സര്‍വ്വകലാശാല ഇനിയും താഴേക്ക് പോകാനുള്ള വഴിയൊരുങ്ങുകയാണ്. കൃഷിമന്ത്രിയും സർവകലാശാല ജനറല്‍ കൗണ്‍സിലംഗം മന്ത്രി കെ രാജനും സമരം കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വൈസ് ചാന്‍സിലറുടെ ചുമതല വഹിക്കുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷ്ണര്‍ ഇഷിത റോയിയോട് റിപ്പോര്‍ട്ട് തേടി. സമരക്കാരുടെ വിശദാംശങ്ങളും ആരാഞ്ഞു.

ഗവര്‍ണറുടെ നീക്കത്തിന് പിന്നാലെ സമര സമിതി കൃഷിമന്ത്രിക്ക് ആവശ്യങ്ങളുന്നയിച്ച് കത്തു നല്‍കി. കത്ത് പരിഗണിച്ച് സമരക്കാരുമായി മന്ത്രി വരും ദിവസങ്ങളില്‍ ചര്‍ച്ച വിളിക്കുമെന്നാണ് സൂചന. ഒത്തുതീര്‍പ്പാകുംവരെ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഭരണ സ്തംഭനം തുടരും.

Follow Us:
Download App:
  • android
  • ios