Asianet News MalayalamAsianet News Malayalam

ആംബുലൻസിൽ രോഗി പുറത്ത് കിടക്കുന്ന കാര്യം ഡോക്ടര്‍മാരെ പിആര്‍ഒ അറിയിച്ചില്ല: മെഡിക്കൽ കോളേജ് സൂപ്രണ്ട്

വെന്റിലേറ്റർ സൗകര്യമുണ്ടോ എന്നാണ് രോഗിയുടെ മകൾ ചോദിച്ചത്. മറ്റ് എവിടെയെങ്കിലും സൗകര്യമുണ്ടോയെന്ന് പി ആർ ഒ അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ രോഗിയെയും കൊണ്ട് പോയതെന്നും സൂപ്രണ്ട്

PRO didn't informed about a patient in critical condition in ambulance explains medical college superintendent
Author
Kottayam, First Published Jun 5, 2019, 8:23 PM IST

കോട്ടയം: കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട്. ആംബുലൻസിൽ ഒരുരോഗി പുറത്ത് കിടക്കുന്ന കാര്യം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട്. പി ആർ ഒ ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചില്ലെന്ന് സൂപ്രണ്ട് വിശദമാക്കി. 

ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് സുപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വെന്റിലേറ്റർ സൗകര്യമുണ്ടോ എന്നാണ് രോഗിയുടെ മകൾ ചോദിച്ചത്. ഇല്ലെന്ന് വ്യക്തമാക്കി. മറ്റ് എവിടെയെങ്കിലും സൗകര്യമുണ്ടോയെന്ന് പി ആർ ഒ അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ രോഗിയെയും കൊണ്ട് പോയതെന്നും സൂപ്രണ്ട് വ്യക്തമാക്കി. 

കട്ടപ്പന സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മരിച്ചത്. രോഗിയ്ക്ക് മെഡിക്കൽ കോളേജ് കൂടാതെ സ്വകാര്യ ആശുപത്രികളായി കാരിത്താസ്, മാതാ ആശുപത്രി അധികൃതരും ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച്  ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

ഗുരുതരമായ ശ്വാസതടസത്തെയും പനിയെയും തുടർന്നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉച്ചക്ക് രണ്ട് പത്തിനാണ് ജേക്കബ് തോമസിനെ മെഡിക്കൽ കോളേജിലെത്തിച്ചത്.  എന്നാല്‍ വെന്റിലേറ്റർ ഒഴിവില്ലെന്ന് പി ആർ ഒ അറിയിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും എത്തിയിട്ടും ഒരു ഡോക്ടർ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് മകൾ റിനി പറഞ്ഞു.

തിരിച്ച് മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും രോഗി മരിച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കുറോളം മൂന്ന് ആശുപത്രികളിലായി രോഗിയെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നടക്കുകയായിരുന്നു ബന്ധുക്കൾ. മരണം സംഭവിച്ച ശേഷവും മാധ്യമങ്ങൾ എത്തിയപ്പോഴാണ് ഡോക്ടർമാർ ആബുലൻസിൽ തിരിഞ്ഞ് നോക്കിയത്.  

ഡോക്ടർമാരുടെ പിഴവിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി. വിശദമായ അന്വേഷണത്തിന് ആരോഗ്യ മന്ത്രി ഉത്തരവിട്ടു. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. നിപ നേരിടാൻ സംസ്ഥാനത്ത് വലിയ ക്രമീകരണം നടത്തുമ്പോഴാണ് കോട്ടയത്ത് ചികിത്സാ വീഴ്ചയുണ്ടായത്. 

Follow Us:
Download App:
  • android
  • ios