Asianet News MalayalamAsianet News Malayalam

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടരുതെന്ന് ആവശ്യം: നിർമ്മാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

ഇന്ന് രണ്ടരയ്ക്ക് റിപ്പോർട്ട് പുറത്തുവിടുമെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ് അറിയിച്ചിരിക്കെയാണ് നീക്കം

Producer Sajimon Parayil again moves Kerala high court against releasing Hema committee report
Author
First Published Aug 19, 2024, 1:29 PM IST | Last Updated Aug 19, 2024, 1:59 PM IST

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും സസ്പെൻസ്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. രണ്ടരയ്ക്ക് മുൻപ് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സ്റ്റേ നേടാനാണ് ശ്രമം. എന്നാൽ ഇദ്ദേഹത്തിൻ്റെ ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്. എന്നാൽ ഉച്ചക്ക് ശേഷം ഡിവിഷൻ ബെഞ്ച് സിറ്റിംഗ് ഇല്ലാത്തതാണ് കാരണം.

സൈബി ജോസ് കിടങ്ങൂരാണ് കേസിൽ സജിമോൻ പാറയിലിന് വേണ്ടി ഹാജരാകുന്നത്. അദ്ദേഹത്തോട് അത്യാവശ്യമുണ്ടെങ്കിൽ ചേംബറിലേക്ക് വരാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് നി‍ർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇവ‍ർ ചേംബറിലേക്ക് പോകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.  

ഇന്ന് രണ്ടരയ്ക്ക് റിപ്പോർട്ട് പുറത്തുവിടുമെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ് അറിയിച്ചിരിക്കെയാണ് സജിമോൻ്റെ നീക്കം. സജി മോൻ പാറയിലിന്റെ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. റിപ്പോർട്ട് 19ാം തീയതി പുറത്തുവിടാമെന്നാണ് ഹൈക്കോടതി സർക്കാരിന് സമയം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിടാൻ സംസ്ഥാന സാംസ്കാരിക വകുപ്പ് തീരുമാനിച്ചത്. ഈ അവസാന നിമിഷത്തിലാണ് സജിമോൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അതേസമയം നടി ര‌‌ഞ്ജിനിയും ദ്രുതഗതിയിൽ നീക്കം തുടങ്ങി. റിട്ട് ഹർജിയുമായി ഇന്ന് തന്നെ സിംഗിൾ ബെഞ്ചിനെ സമീപിക്കാനാണ് ശ്രമം.

സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. റിപ്പോർട്ടിലെ 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല. 2017 ജൂലായ് ഒന്നിനാണ് മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടരവർഷത്തിന് ശേഷം 2019 ഡിസംബർ 31ന് റിപ്പോർട്ട് സർക്കാരിന് കൈമാറി.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios