ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

തിരുവനന്തപുരം: ഇന്ന് ചതയം. ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് സംസ്ഥാനത്തൊട്ടാകെ അതിവിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുലർച്ചെ 4.30 ന് വിശേഷാൽ പൂജയോടെയാണ്168 ആമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷ പരിപാടികൾക്ക് ശിവഗിരിയിൽ തുടക്കമായത്. ആയിരക്കണക്കിന് ഭക്തരാണ് പ്രാർത്ഥനയ്ക്കായി മഠത്തിലേക്കെത്തിയത്. പത്ത് മണിയോടെ കേന്ദ്ര മന്ത്രി വി മുരളീധരൻ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.

വൈകിട്ട് ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വയൽവാരം വീട് ഉൾപ്പെടുന്ന ഗുരുകുലത്തിൽ സമൂഹ പ്രാർത്ഥനയും പ്രത്യേകം പൂജകളും നടക്കും. ശിവലിംഗ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തെ ജയന്തി സമ്മേളനം ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഉദ്ഘാടനം ചെയ്യുക. ക്ഷേത്രങ്ങളിലെ പ്രാർത്ഥന ചടങ്ങുകൾക്ക് പുറമേ എസ്എൻഡിപി യോഗത്തിന് 7,000 ഓളം ശാഖകളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പത്തനംതിട്ട എസ്എൻഡിപി യൂണിയന്‍റെ ചതയഘോഷയാത്ര ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉദ്ഘാടനം ചെയ്യുക. 

'കാത്തിരിപ്പ് കേന്ദ്രം മാത്രം', വിവാദ ബസ്‍റ്റോപ്പില്‍ ചുവരെഴുത്ത്, ഉടന്‍ പൊളിക്കുമെന്ന് മേയര്‍

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിനോട് ചേര്‍ന്നുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പെയിന്‍റടിച്ച് നവീകരിച്ച് ശ്രീകൃഷ്ണനഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ. പൊളിച്ച് പുതിയത് നിര്‍മ്മിക്കാൻ കോര്‍പ്പേറഷൻ തീരുമാനിച്ച ഷെൽറ്ററിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്ന് എഴുതിവച്ച് മോടി പിടിപ്പിച്ചത്. 

വിദ്യാര്‍ത്ഥികൾ ലിംഗഭേദമന്യേ ഒരുമിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ നീളത്തിലുള്ള ഇരിപ്പിടം വെട്ടിപ്പൊളിച്ച് വെവ്വേറെയുള്ള മൂന്ന് സീറ്റുകളാക്കിയത് ജൂലൈയിലാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മടിയിലിരുന്ന് വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത് വാര്‍ത്തയായതോടെ അനധികൃതമായി കെട്ടിയ ഷെൽറ്റര്‍ പൊളിച്ച് നഗരസഭ പുതിയത് നിര്‍മ്മിക്കുമെന്ന് മേയര്‍ ജൂലൈ 21 ന് പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും നടപടി ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് 8500 രൂപാ മുടക്കി റെസിഡന്‍റ്സ് അസോസിയേഷൻ കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത്.

പ്രതിഷേധ സൂചകമായി എസ് എഫ് ഐയും കെ എസ്‍ യുവും ഷെൽറ്ററിൽ നാട്ടിയ കൊടി മാറ്റിയും വിദ്യാര്‍ത്ഥികളിട്ട തടിബെഞ്ച് നീക്കിയുമാണ് റെസി‍ഡന്‍റ്സ് അസോസിയേഷൻ പെയിന്‍റടിച്ച് നവീകരിച്ചത്. നഗരസഭ പൊളിക്കുന്നെങ്കിൽ പൊളിക്കട്ടേ, എന്നാല്‍ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലര്‍ന്നിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും റെസിഡന്‍റ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. പുറമ്പോക്ക് ഭൂമിയിൽ അനുമതിയില്ലാതെ കെട്ടിയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് പി പി പി മോഡലിൽ പുതിയത് നഗരസഭ നിര്‍മ്മിക്കുമെന്നുമായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പ്രതികരണം.