മിച്ചഭൂമി കേസിൽ പുരോഗതി; 3 മാസത്തിനകം സര്‍ക്കാര്‍ തിരിച്ച് പിടിച്ചത് 311 ഏക്കര്‍ ഭൂമി
മേഖലാ ലാന്റ് ബോര്‍ഡുകൾ പ്രവര്‍ത്തിച്ച് തുടങ്ങി മൂന്ന് മാസത്തികം തന്നെ 311 ഏക്കറാണ് സര്‍ക്കാര്‍ തിരിച്ച് പിടിച്ചത്. നിലവിലുള്ള കേസുകളിൽ തീര്‍പ്പുണ്ടാക്കിയാൽ മാത്രം 26000 ഏക്കര്‍ വീണ്ടെടുക്കാൻ സര്‍ക്കാരിന് കഴിയുമെന്നാണ് റവന്യു വകുപ്പിന്‍റെ കണക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മിച്ച ഭൂമി കേസുകൾ തീര്‍പ്പാക്കാൻ മേഖലാ ലാന്റ് ബോര്‍ഡുകൾ രൂപീകരിച്ച നടപടി വൻ വിജയമെന്ന് വിലയിരുത്തി റവന്യു വകുപ്പ്. മേഖലാ ലാന്റ് ബോര്‍ഡുകൾ പ്രവര്‍ത്തിച്ച് തുടങ്ങി മൂന്ന് മാസത്തികം തന്നെ 311 ഏക്കറാണ് സര്‍ക്കാര്‍ തിരിച്ച് പിടിച്ചത്. നിലവിലുള്ള കേസുകളിൽ തീര്‍പ്പുണ്ടാക്കിയാൽ മാത്രം 26000 ഏക്കര്‍ വീണ്ടെടുക്കാൻ സര്‍ക്കാരിന് കഴിയുമെന്നാണ് റവന്യു വകുപ്പിന്‍റെ കണക്ക്.
നിയമപ്രകാരം, സംസ്ഥാനത്ത് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നത് 5 ഏക്കറും ഒന്നിലധികം പേരുണ്ടെങ്കിൽ പരമാവധി 15 ഏക്കറുമെന്നാണ് നിയമം. അധികമുള്ളത് മിച്ചഭൂമി നിയമപ്രകാരം സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. തോട്ടഭൂമിക്കും വ്യാവസായിക ഭൂമിക്കും ആരാധനാലയങ്ങളുടെ കൈവശമിരിക്കുന്ന സ്ഥലത്തിനും മാത്രമാണ് ഇളവ്. 1970 മുതലുള്ള മിച്ച ഭൂമി കേസുകൾ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നുണ്ട്. നേരത്തെ തീര്‍പ്പാക്കിയ കേസിൽ 3358 ഹെക്ടര്‍ ഏറ്റെടുക്കാനുണ്ടെന്നും ലാന്റ് ബോര്‍ഡ് കണക്കിൽ പറയുന്നു. ലാന്‍റ് ബോര്‍ഡുകളുടെ ജോലിഭാരം കണക്കിലെടുത്ത് നാല് മേഖലാ ലാന്‍റ് ബോര്‍ഡുകളുണ്ടാക്കി ഓരോന്നിനും പ്രത്യേകം ഡെപ്യൂട്ടികളക്ടര്‍മാരെ ചുമതലയേൽപ്പിക്കുന്ന പരിഷ്കാരം ഏര്‍പ്പെടുത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളു. കോട്ടയം തൃശൂര്‍ മലപ്പുറം കണ്ണൂര്‍ മേഖലാ ലാന്റ് ബോര്‍ഡുകൾ പ്രവര്‍ത്തിച്ച് തുടങ്ങി മൂന്ന് മാസത്തിനകം 34 കേസിൽ തീര്‍പ്പാക്കി. 311.11 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാരിന് തിരിച്ചുകിട്ടി. ഇനി 1704 കേസ് ബാക്കിയുണ്ട്.
Also Read: 'തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകം'; ഇന്ത്യ-കാനഡ പ്രതിസന്ധിയിൽ ഇടപെട്ട് അമേരിക്ക
26000 ഏക്കറെങ്കിലും തിരിച്ച് പിടിക്കാനാകുമെന്നാണ് റവന്യു വകുപ്പ് കരുതുന്നത്. നേരത്തെ തീര്‍പ്പാക്കിയ കേസിൽ 3358 ഹെക്ടര്‍ ഏറ്റെടുക്കാനും ബാക്കിയുണ്ട്. ലൈഫ് മിഷൻ സര്‍വെ പ്രകാരം സംസ്ഥാനത്ത് മൂന്നരലക്ഷം ഭൂരഹിതര്‍ ഇനിയും ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെല്ലാം ഭൂമി ലഭ്യമാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 10500 ഏക്കറെങ്കിലും വേണം. മിച്ചഭൂമി കേസ് തീര്‍പ്പാക്കി ഏറ്റെടുക്കുന്ന സ്ഥലം പദ്ധതിക്ക് വേണ്ടി പ്രയോജനപ്പെടുത്താനും കഴിയും. കേസുകൾ വേഗത്തിലാക്കാൻ നാല് ഡെപ്യൂട്ടികളക്ടര്‍മാരുടെ അധിത തസ്തിക ഉണ്ടാക്കാനുളള റവന്യു വകുപ്പ് ശുപാര്‍ശക്ക് വേണ്ടത്ര പിന്തുണ തുടക്കത്തിൽ ഉണ്ടായിരുന്നില്ല. അധിക ബാധ്യത മുൻനിര്‍ത്തി ധനവകുപ്പ് എതിര്‍പ്പ് ഉന്നയിച്ചിരുന്നു, ഇതെല്ലാം മറികടന്നാണ് മേഖല ലാന്‍റ് ബോര്‍ഡുകൾ രൂപീകരികരിച്ചതും പ്രവര്‍ത്തിച്ച് വരുന്നതും.
മിച്ചഭൂമി കേസുകളിൽ പുരോഗതി; ഇനി ബാക്കിയുള്ളത് 1704 കേസുകൾ മാത്രം