കോഴിക്കോട്: സംഘടനാ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി എന്നാരോപിച്ച് പ്രമുഖ മത പണ്ഡിതനും പ്രഭാഷകനുമായ ഖാലിദ് മൂസാ നദ്‌വിയെ ജമാഅത്തെ ഇസ്ലാമി ശൂറയില്‍നിന്ന് സസ്‌പെന്‍റ് ചെയ്തു. ഖാലിദ് മൂസയെ പുറത്താക്കിയതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലിയുടെ പേരിലുള്ള ഒരു കത്ത് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  സംഘടനക്കും മാധ്യമത്തിനും ദോഷകരമാകുന്ന രീതിയില്‍ ഖാലിദ് മൂസ പ്രവര്‍ത്തിച്ചെന്നാണ് ഈ കത്തില്‍ ആരോപിക്കുന്നത്. 

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്നും കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാകില്ലെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി ആറുമാസത്തിനകം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഖാലിദ് മൂസാ നദ് വിയെ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. 

മാധ്യമം പത്രത്തിലെ  സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് സസ്‌പെന്‍ഷനെന്നാണ് ജമാഅത്തെ ഇസ്‌ലാമി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാധ്യമം ദിനപത്രത്തില്‍ സാമ്പത്തിക അഴിമതി നടക്കുന്നതായി തൊഴിലാളി യൂനിയനുകളടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.  

ജമാഅത്ത് നേതാക്കള്‍ ഉള്‍പ്പെട്ട സംഘം നടത്തുന്ന അഴിമതിയും പിടിപ്പുകേടുമാണ് പ്രതിസന്ധിക്കു കാരണമെന്നും ആരോപണമുയര്‍ന്നിരുന്നു. അതിനിടെ, ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്, മാധ്യമം എംപ്ലായീസ് യൂനിയന്‍ സംഘടനാ നേതൃത്വത്തിന് കത്തു നല്‍കി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട  പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ശൂറ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തേക്ക് ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ചാണ് ഇപ്പോള്‍ അച്ചടക്ക നടപടി ഉണ്ടായത്. 

ജമാഅത്ത് ഇസ്ലാമിയുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം ദിനപത്രത്തിലെ പ്രതിസന്ധികള്‍ പഠിക്കാനാണ് നാല് ജില്ലാ പ്രസിഡന്‍റുമാരുള്‍പ്പെട്ട കമ്മിറ്റി രൂപവത്കരിച്ചത്. മാധ്യമം ദിനപത്രത്തിലെ പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. അന്വേഷണത്തിന് ശേഷം കമ്മിറ്റി റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ട് പുറത്തുവരരുതെന്ന് ശൂറയില്‍ നിര്‍ദേശം ഉണ്ടായിരുന്നു. അമീറിന്‍റെ നിര്‍ദേശം ലംഘിച്ച് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തറിയിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് ഖാലിദ് മൂസയെ സസ്‌പെന്‍റ് ചെയ്തതെന്ന് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ പറയുന്നു.  

ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാധ്യമം ദിനപത്രത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ശമ്പളം ഏറെ വൈകുന്നത് പതിവാണ്. നിരവധി കരാര്‍ തൊഴിലാളികളെ പിരിച്ചു വിട്ടു.

മാനേജ്‌മെന്‍റിന്‍റെ പിടിപ്പുകേടും സാമ്പത്തിക ധൂര്‍ത്തുമാണ് കമ്പനി നഷ്ടത്തിലാകാന്‍ കാരണമെന്ന് ജീവനക്കാരുടെ യൂനിയന്‍ ജമാഅത്ത് നേതാക്കള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.