കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ നഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തെ തുറമുഖ നഗരമാക്കും. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബാക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുന്നത് വൻ മാറ്റമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയെ നേരിടും, തുടച്ച് മാറ്റും. വ്യവസായങ്ങളെ ആകർഷിക്കാൻ ലാന്റ് ബാങ്ക് സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പിണറായി സർക്കാരിന്റെ നയം അല്ല നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിയെ കുറിച്ച് വിശദമായി പഠിക്കുകയാണ്. പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്നും നയപരമായ തീരുമാനം കിഫ്ബിയുടെ കാര്യത്തിൽ ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേമാതരത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയ ഐഡിയോളജി എല്ലാവർക്കും ഉണ്ടെന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്.
ഇഡി റെയ്ഡിൽ പ്രതികരിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തിന് റോളില്ലെന്നായിരുന്നു ഇഡി റെയ്ഡിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി നടപടികള്‍. കേന്ദ്ര ഏജൻസികളെകുറിച്ച് ഞങ്ങള്‍ക്കും പരാതികളുണ്ട്. എല്ലായിടത്തും വെച്ച് ചോദ്യങ്ങള്‍ ചോദിച്ചു. എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം. മൌനി ബാബയെന്നടക്കം വിമര്‍ശിച്ചു. പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചു. ഉചിതമായ സമയത്ത് മറുപടി പറയുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
ഇഡി റെയ്ഡിൽ പിണറായി കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെ ആണ്. രാഹുൽ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കോടതി അനുവദിച്ച കേസിൽ അന്വേഷണം തടയില്ലെന്നും അന്വേഷണം നടത്തിയതിനെ വിമര്‍ശിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മോദി-വിഡി ഡീലാണ് റെയ്ഡെന്ന സിപിഎം ആരോപണത്തെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. താൻ പറഞ്ഞത് കൊണ്ടാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ വാക്കുകള്‍. 12 ഇടങ്ങളിൽ റെയ്ഡ് നടത്താൻ താൻ മോദിയോട് നിര്‍ദേശിച്ചു. മോദി അപ്പോള്‍ തന്നെ ഫോണെടുത്ത് വിളിച്ച് റെയ്ഡിന് നിര്‍ദേശം നൽകി. സതീശൻ ആദ്യമായൊരു കാര്യം പറഞ്ഞതല്ലേയെന്ന് മോദി കരുതി. ഇതാണ് മുൻമന്ത്രിമാരുള്‍പ്പടെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേള്‍ക്കുന്ന താൻ കരയണോ ചിരിക്കണോ എന്നും മുഖ്യമന്ത്രി വിഡി സതീശൻ പരിഹസിച്ചു.


