തിരുവനന്തപുരം: മൃതദേഹം സംസ്‍കരിച്ചതിനെ  ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികളുടെ പതിഷേധം. മറ്റൊരു ഇടവകയിലെ മൃതദേഹം പണം വാങ്ങി പാറ്റൂർ സെമിത്തേരിയിൽ സംസ്‍കരിക്കാന്‍ അനുമതി നൽകിയെന്നാരോപിച്ച് പള്ളി വികാരിയെ വിശ്വാസികൾ തടഞ്ഞുവച്ചു. ലത്തീൻ അതിരൂപത  പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ മൃതദേഹം മാറ്റാൻ ധാരണയായതായി പ്രതിഷേധക്കാർ അറിയിച്ചു. രാവിലെ ആരാധനയ്ക്ക് എത്തിയപ്പോളാണ് ഒരു വിഭാഗം വിശ്വാസികൾ ഇടവക വികാരിക്കും കമ്മിറ്റി അംഗങ്ങൾക്കും എതിരെ തിരിഞ്ഞത്. ഇടവകാംഗങ്ങളുടെ മൃതദേഹം പോലും സംസ്‍കരിക്കാന്‍ സ്ഥലമില്ലന്നിരിക്കെ മറ്റൊരു ഇടവകയിലെ മൃതദേഹം പണം വാങ്ങി സെമിത്തേരിയിൽ സംസ്‍കരിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ നിലപാട്. 

ഫാദര്‍ നിക്കോളാസിനെ ഇടവക വികാരി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പത്തുവർഷം മുമ്പ് മരിച്ച മിഥുൻ മാർക്കോസിന്‍റെ മൃതദേഹം വെട്ടുകാട് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചിരുന്നത്. സ്ഥലപരിമിതി മൂലം മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കല്ലറയിൽ നിന്നും ഒഴിവാക്കണമെന്ന് മിഥുന്‍റെ കുടുംബാംഗങ്ങളെ വെട്ടുകാട്‍ പള്ളി അധികൃർ അറിയിച്ചു. ഇതേ തുടർന്നാണ് മൃതദേഹാവശിഷ്ടങ്ങൾ  ബന്ധുക്കൾ പാളയം ഇടവകയുടെ പാറ്റൂർ സെമിത്തേരിൽ സംസ്കരിച്ചത് . പാളയം കത്തീഡ്രലിന് കീഴിലുള്ള വിശ്വാസികളറിയാതെ രാത്രി പള്ളിവികാരി നിക്കോളാസും  അനുയായികളും ചേർന്ന് മൃതദേഹം സംസ്കരിക്കാൻ അനുമതി നകിയെന്ന് പ്രതിഷേധക്കാർ പറയുന്നു.  എന്നാൽ ആരോപണം പള്ളിവികാരി നിഷേധിച്ചു. ബിഷപ്പ് ഹൗസിൽ നിന്നുള്ള പ്രതിനിധികളെത്തി വികാരിമായിയും പ്രതിഷേധക്കാരുമായി ചർച്ച നടത്തി.