Asianet News MalayalamAsianet News Malayalam

'ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപോർട്ട് തള്ളണം,മാനുവൽ സർവ്വേ നടത്തണം' തലസ്ഥാനത്തെ മലയോരമേഖലയിലും പ്രതിഷേധം

ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല.ആശങ്കകൾ പരിഹരിക്കും വരെ സമരമെന്ന് അമ്പൂരിയിലെ ആക്ഷൻ കൗൺസില്‍ 

protest against bufferzone in Trivandrum hilly area
Author
First Published Dec 20, 2022, 5:35 PM IST

തിരുവനന്തപുരം:ബഫർ സോണിനെതിരെ തലസ്ഥാനത്തെ മലയോരമേഖലയിലും പ്രതിഷേധം. അമ്പൂരിയിൽ ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. .സെന്‍റ്  ജോർജ് പള്ളിയിൽ നിന്ന് അമ്പൂരി ജങ്ഷൻ വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഫാ.ജേക്കബ് ചീരംവേലിൽ നേതൃത്വം നല്‍കി.ഉപഗ്രഹ സർവ്വേ റിപോർട്ട് തള്ളണം.ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല.മാനുവൽ സർവ്വേ നടത്തണം.ആശങ്കകൾ പരിഹരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

സര്‍ക്കാരിന്‍റെ  അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര്‍ സോണ്‍ വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണെങ്കില്‍ 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടര്‍ന്ന് ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിന് വേണ്ടിയായിരുന്നു?  

2. വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത് ആരെ സഹായിക്കാനാണ്?

3. റവന്യു-തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് മാനുവല്‍ സര്‍വേ നടത്താന്‍ തയാറാകാതെ ഉപഗ്രഹ സര്‍വെ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു?  

4. അവ്യക്തതകള്‍ നിറഞ്ഞ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചതെന്തിന്?

5. ഉപഗ്രഹ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയില്‍ നിന്ന് കേരള താല്‍പര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?

ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താമെന്ന ഉത്തരവ് 2019 ല്‍ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ആ വിധിയുണ്ടായിട്ടും കാര്യങ്ങള്‍ പഠിച്ചില്ല. മാനുവല്‍ സര്‍വെ നടത്തണമെന്നത് ഉള്‍പ്പെടെ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷം സമര്‍പ്പിച്ചിട്ടും അത് പരിഗണക്കാനോ യോഗം വിളിച്ചു ചേര്‍ക്കാനോ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios