എംകെ രാഘവനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തെരുവിൽ; കുഞ്ഞിമംഗലത്തെ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചു

രാഘവൻ ചെയർമാനായ മാടായി കോളേജിൽ സിപിഎം പ്രവർത്തകന് നിയമനം നൽകിയതിനെതിരെ പ്രതിഷേധം, എംപിയുടെ കോലം കത്തിച്ചു.

protest against MKRaghavan on madai college appointment

കണ്ണൂര്‍: എം.കെ.രാഘവൻ എംപിക്കെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തെരുവിൽ. രാഘവൻ ചെയർമാനായ മാടായി കോളേജിൽ സിപിഎം പ്രവർത്തകന് നിയമനം നൽകിയതിനെതിരെ പ്രകടനം നടത്തിയ പ്രവർത്തകർ എംപിയുടെ കോലം കത്തിച്ചു. രാഘവന്‍റെ നാട്ടിലെ കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിയും നൽകി. കോളേജ് ഭരണസമിതി അംഗങ്ങളായ നേതാക്കളെ ഡിസിസി സസ്പെൻഡ് ചെയ്തു.

പയ്യന്നൂർ സഹകരണ സൊസൈറ്റിക്ക് കീഴിലാണ് കോളേജ്. ചെയർമാൻ എം.കെ.രാഘവൻ. കോൺഗ്രസ് നേതാക്കൾ അംഗങ്ങളായ ഭരണസമിതി. ഒഴിവുവന്ന അനധ്യാപക തസ്തികയിൽ രാഘവന്‍റെ ബന്ധുവായ സിപിഎം പ്രവർത്തകനെ നിയമിച്ചതിലാണ് എതിർപ്പ്.രാഘവനെ ശനിയാഴ്ച വഴിയിൽ തടഞ്ഞ കുഞ്ഞിമംഗലത്തെ നാല് നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരുമായി ജില്ലാ നേതാക്കൾ അനുരഞ്ജന ചർച്ചയും നടത്തി.എന്നാൽ തിങ്കളാഴ്ച രാവിലെ രാഘവന്‍റെ ബന്ധുവിന് നിയമന ഉത്തരവ് നൽകിയതോടെയാണ് പ്രതിഷേധം പരസ്യമായത്.എംപിയുടെ നാടായ കുഞ്ഞിമംഗലത്തെ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചു. പതിനാല് ബൂത്ത് പ്രസിഡന്‍റുമാരും രാജി നൽകി.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ഡിസിസി കോളേജ് ഭരണസമിതി അംഗങ്ങൾക്കെതിരെ നടപടിയെടുത്തു. പയ്യന്നൂർ നഗരസഭ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുളളവരെ സസ്പെൻഡ് ചെയ്തെങ്കിലും പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ മുന്നോട്ടുപോയി.പയ്യന്നൂർ,കല്യാശ്ശേരി മണ്ഡലങ്ങളിലെ കൂടുതൽ കമ്മിറ്റികൾ രാജിക്കൊരുങ്ങുന്നുണ്ട്. ഇതുവരെ എം.കെ.രാഘവൻ എം പി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

 

Latest Videos
Follow Us:
Download App:
  • android
  • ios