മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിന് കാരണമെന്നും കോടതി നിരീക്ഷിച്ചു. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ  വാക്കുതർക്കം എന്ന് മാത്രമാണ് ഉള്ളത്. പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്. പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിന് കാരണമെന്നും കോടതി നിരീക്ഷിച്ചു. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണ് ഉള്ളത്. പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി.

കേസില്‍ അറസ്റ്റിലായ കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദിനും, നവീൻ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവും ലഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണമുയ‍ര്‍ത്തിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയര്‍ത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പിന്നാലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം വിമാനത്തിൽ സഞ്ചരിക്കവെ അതിനുള്ളിൽ വെച്ചും മൂന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തത്.

Also Read:  'വിമാനത്തിലെ പ്രതിഷേധം ഭീകരപ്രവര്‍ത്തനമാക്കാൻ നോക്കിയ സർക്കാരിനുള്ള കനത്ത പ്രഹരം'; ഹൈക്കോടതി ഇടപെടലിൽ സുധാകരൻ

YouTube video player

എന്നാൽ വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നുമാണ് പ്രതികൾ ജാമ്യഹര്‍ജിയിൽ വ്യക്തമാക്കിയത്. വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികൾ അറിയിച്ചു.