പാളയം എംഎം പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ചു; പ്രതിഷേധം, ബിഷപ്പിനെതിരെ കൂകിവിളിച്ച് ഒരു വിഭാഗം
ബിഷപ്പിനെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചും പ്രതിഷേധിക്കുകയാണ് വിശ്വാസികള്‍.

തിരുവനന്തപുരം: എംഎം (M M Church) പള്ളിയില്‍ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം. പള്ളിയെ കത്തീഡ്രൽ ആക്കി മാറ്റി ബിഷപ്പ് ബോർഡ് സ്ഥാപിച്ചതോടെയാണ് പ്രതിഷേധം തുടങ്ങിയത്. ഒരുവിഭാഗം വിശ്വാസികളുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് ബിഷപ്പിന്‍റെ നേതൃത്വത്തിൽ പള്ളിയെ കത്തീഡ്രൽ ആക്കി പ്രഖ്യാപിച്ചതും ബോർഡ് സ്ഥാപിച്ചതും. ജെസിബി അടക്കം കൊണ്ടുവന്നായിരുന്നു നടപടികൾ. ബിഷപ്പിന്‍റെ നടപടിക്കെതിരെ വിശ്വാസികൾ വലിയ പ്രതിഷേധം നടത്തി. ബിഷപ്പിനെ കൂക്കിവിളിച്ചു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ട ബിഷപ്പ് ധർമ്മരാജ റസാലും പുതിയ 20 അംഗ അഡ്ഹോക് കമ്മിറ്റിയും പുതിയ വൈദികരെയും പ്രഖ്യാപിച്ചു.
ചട്ടപ്രകരമാണ് നടപടികളെന്ന് ബിഷപ്പ് ധർമ്മരാജ റസാലം വിശദീകരിക്കുമ്പോൾ പള്ളിയുടെ സ്വത്ത് തട്ടിയെടുക്കാനാണ് ശ്രമമെന്ന് എതിർക്കുന്നവർ ആരോപിക്കുന്നു. 2400 ഇടവകാംഗങ്ങൾ ഉൾപ്പെടുന്ന ഭരണസമിതിയാണ് ഇതുവരെ പാളയം എംഎം ചർച്ചിന്റെ ഭരണം നടത്തിയിരുന്നത്. എന്നാൽ ബിഷപ്പ് ധർമ്മരാജ് റസാലം സിഎസ്ഐ സഭയുടെ ഭരണഘടനയിൽ അടുത്തിടെ ഭേദഗതികൊണ്ട് വന്ന് പള്ളിയെ കത്തീഡ്രലാക്കി മാറ്റണമെന്ന നിർദ്ദേശം വെക്കുകയായിരുന്നു. നിലവിലെ ഭരണസമിതി മാസങ്ങളായി പ്രതിഷേധിക്കുന്നതിനിടെയാണ് രാവിലെ ബിഷപ്പ് തന്നെയെത്തി ബോർഡ് വെച്ചത്. പള്ളി കത്തീഡ്രലാക്കുന്നതോടെ അധികാരം പൂർണ്ണമായും ബിഷപ്പിനാകും. വലിയ വരുമാനമുള്ള പാളയം പള്ളിയുടെ എല്ലാ ഇടപാടുകളും ഇനി ബിഷപ്പ് വഴിയാകും നടക്കുകയെന്നാണ് എതിർ വിഭാഗത്തിന്‍റെ പരാതി. സംഘർഷം കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു.