തിരുവനന്തപുരം: തീപിടുത്ത വിവാദത്തില്‍ സെക്രട്ടേറിയറ്റ് ഇന്ന് വേദിയായത് വിവിധ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിന്. മഹിളാ മോര്‍ച്ച, എസ്ഡിപിഐ, കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ യുവമോര്‍ച്ചയും ബിജെപിയും സെക്രട്ടേറിയറ്റിന് മുമ്പില്‍ പ്രതിഷേധിക്കുകയാണ്. രാവിലെ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് നേതാക്കളും സെക്രട്ടേറിയറ്റിലെത്തി പ്രതിഷധിച്ചു. 

എസ്‍ഡിപിഐ പ്രതിഷേധത്തിന് നേരെ ജലപീരങ്കി പ്രയോഗം ഉണ്ടായി. യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും രണ്ട് വ്യത്യസ്ഥ പ്രകടനങ്ങളായാണ് സെക്രട്ടേറിയറ്റിനകത്ത് എത്തിയിരിക്കുന്നത്. ആദ്യമെത്തിയ യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഗ്രനേഡും പ്രയോഗിച്ചു.

ഇപ്പോള്‍ ബിജെപി ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സമരഗേറ്റിന്‍റെ മറ്റൊരു വശത്ത് പ്രതിഷേധിക്കുകയാണ്. ബിജെപി നേതാവ് പി കെ കൃഷ്ണദാസാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്നൂറിലധികം വരുന്ന ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുള്ളത്.