തിരുവനന്തപുരം: മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് എത്തിയ ശേഷവും മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം തുടരുന്നു. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചു. രാത്രി ഒൻപതരയോടെ തലസ്ഥാനത്ത് എത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. പൊലീസ് ലാത്തി വീശിയതോടെ റോഡ് ഉപരോധിച്ച് സമരം നടത്തുകയായിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഉച്ചയോടെ മലപ്പുറത്ത് നിന്ന് പുറപ്പെട്ട മന്ത്രിക്ക് നേരെ വഴിനീളെ ശക്തമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും പ്രവർത്തകർ  നടത്തിയത്. നിരവധി സ്ഥലങ്ങളിൽ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. ആലപ്പുഴയിൽ വച്ച് രണ്ട് തവണ  മന്ത്രിയുടെ വാഹനം തടഞ്ഞ് ചീമുട്ടയെറിഞ്ഞു. കൊല്ലത്ത് പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനത്തിന് കുറുകെ പ്രതിഷേധക്കാർ മറ്റൊരു വാഹനം ഇട്ട് തടയാൻ ശ്രമിച്ചു.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെടി ജലീൽ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഉടൻ, വീടിന് സമീപത്ത് വച്ച് അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി വീശി.

മന്ത്രി വഴിയിൽ കുറിപ്പുറം കമ്യൂണിറ്റി സ്കിൽ പാർക്ക് സൈറ്റ് സന്ദർശിച്ചു. യാത്ര തുടർന്ന ശേഷം ചങ്ങരംകുളത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവിൽ വച്ച്  യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവിടെ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തൃശൂർ കിഴക്കേകോട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പാലിയേക്കരയിലും ഇരു സംഘടനകളും പ്രതിഷേധം നടത്തി. പ്രതിഷേധക്കാർ മന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണു. രണ്ടു പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു.

ആലപ്പുഴയിൽ വച്ചായിരുന്നു ആദ്യ ചീമുട്ടയേറ് കിട്ടിയത്. കരിങ്കൊടി വിശീയ പ്രതിഷേധക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പിന്നീട് ഹരിപ്പാട് കവല ജങ്ഷനിൽ വച്ചും മന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞു. ഇവിടെ വച്ച് മന്ത്രിക്ക് നേരെ വീണ്ടും മുട്ടയെറിഞ്ഞു. പ്രതിഷേധം വകവയ്ക്കാതെ മന്ത്രി യാത്ര തുടർന്നു.

കൊല്ലം ജില്ലയിൽ ക്യഷ്ണപുരത്ത് യൂത്ത്കോൺഗ്രസ് പ്രവർത്തകരും  കരുനാഗപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകരും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. യുവമോർച്ച പ്രവർത്തകർ മുട്ടയെറിഞ്ഞു. ചവറയിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൊട്ടിയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. ചാത്തന്നൂരിൽ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ ഓടിച്ചിട്ട് അറസ്റ്റ് ചെയ്തു. പൊലീസ് മർദ്ദിച്ചെന്ന് ഇവർ പരാതിപ്പെട്ടു. 

കൊല്ലം പാരിപ്പള്ളിയിൽ വച്ചാണ് നാടകീയ സംഭവങ്ങൾ നടന്നത്. മന്ത്രിയുടെ വണ്ടിക്ക് കുറുകെ മറ്റൊരു വാഹനം ഇട്ട് യാത്ര തടസപെടുത്താൻ ശ്രമം നടന്നു. പൊലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിച്ചു. തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച മന്ത്രിയെ മംഗലപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.