Asianet News MalayalamAsianet News Malayalam

'പ്രതിഷേധം വെറും യാന്ത്രികം മാത്രം'; യുഡിഎഫിന് കാര്യമായ തകരാറുണ്ടെന്ന് കെ സുരേന്ദ്രൻ

സർക്കാരിനെതിരെ സമരം തുടരുമെന്ന യുഡിഫ് തീരുമാനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

Protest is just mechanical K Surendran says UDF have some serious trouble
Author
Kerala, First Published Oct 4, 2020, 11:03 PM IST

തിരുവനന്തപുരം: സർക്കാരിനെതിരെ സമരം തുടരുമെന്ന യുഡിഫ് തീരുമാനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി വിളിച്ചപ്പോൾ സമരം നിർത്തിയവർ ഇപ്പോൾ തുടരും എന്ന് പറയുന്നു. യുഡിഫ് പ്രതിഷേധം വെറും യന്ത്രികം മാത്രമാണ്.  യുഡിഫ് സാമന്ത പ്രതിപക്ഷമായി എന്നും സുരേന്ദ്രൻ പരിഹസിച്ചു.

കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം

കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷമായ  യുഡിഎഫിന് കാര്യമായ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു എന്നത് ഇപ്പോൾ ബിജെപിയുടെ മാത്രം സംശയമല്ല. ഇന്നിപ്പോൾ സർക്കാരിനെതിരെ സമരം തുടരുമെന്ന പ്രസ്താവന കൺവീനർ വക വന്നിരിക്കുന്നു. ഒരാലോചനയുമില്ലാതെ പിണറായി വിജയൻ ഒന്നു ഫോൺ വിളിച്ചു സംസാരിക്കുമ്പോഴേക്കും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സബൂറായി. 

മുഖ്യമന്ത്രി എന്നോടും ഫോണിൽ ഇക്കാര്യം സംസാരിച്ചതാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞ മറുപടി സഹപ്രവർത്തകരുമായി ആലോചിച്ച് അഭിപ്രായം പറയാമെന്നാണ്. സമരം എന്തിന് നിർത്തണം? സമരം കാരണം കേരളത്തിൽ കോവിഡ് കൂടിയിട്ടില്ല. സർക്കാരിന്റെ പിടിപ്പുകേടാണ് കോവിഡ് വർദ്ധിക്കാൻ കാരണം. 

കോവിഡ് പ്രോട്ടോക്കോൾ ആദ്യം ലംഘിച്ചത് മുഖ്യമന്ത്രി തന്നെയാണ്. അതും സ്വന്തം മകളുടെ വിവാഹത്തിന്. പിന്നെ കുഞ്ഞനന്തൻ സഖാവിന്റെ മരണാനന്തര ചടങ്ങിലും വെഞ്ഞാറമൂട് വിലാപയാത്രയിലും. രണ്ടിടത്തുമായി പതിനായിരങ്ങളെയാണ് പാർട്ടി അണിനിരത്തിയത്. ഇനി ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളുടെ കാര്യം. ഇതു സംബന്ധിച്ച വാർത്ത വന്നയുടനെത്തന്നെ യു. ഡി. എഫ് സ്വാഗതം ചെയ്തു. 

വൈകാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങി. സത്യത്തിൽ കേരളം ആ തെരഞ്ഞെടുപ്പ് ആഗ്രഹിച്ചിരുന്നില്ല. ബിജെപി അക്കാര്യം തുറന്നുപറഞ്ഞു. അവസാനം ആഴ്ചകൾക്കുശേഷം എല്ലാവർക്കും അത് അംഗീകരിക്കേണ്ടി വന്നു. 

സത്യത്തിൽ യുഡിഎഫിന് ജനങ്ങളുടെ മനസ്സ് കാണാനാവുന്നില്ല. അവിശ്വാസപ്രമേയത്തിലടക്കം അതാണ് കേരളം കണ്ടത്. എതിർപ്പും പ്രതിഷേധങ്ങളും കേവലം യാന്ത്രികം മാത്രം. ആത്മാവ് നഷ്ടപ്പെട്ട വെറും സാങ്കേതിക പ്രതിപക്ഷമാണ് യുഡിഎഫ്. സാമന്തപ്രതിപക്ഷം എന്ന വിശേഷണത്തിന് തികച്ചും യോഗ്യർ.....

Follow Us:
Download App:
  • android
  • ios