രാവിലെ പത്തരക്കായിരുന്നു മുഹൂര്‍ത്തം. പന്തീരാങ്കാവ് സ്വദേശി ധന്യയാണ് 'വധു'വായത്. 'വരന്‍' രാമനാട്ടുര സ്വദേശി പ്രമോദ്. എരഞ്ഞിപ്പാലം ബൈപ്പാസിന് സമീപം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലക്ക് മുന്‍വശമായിരുന്നു വിവാഹ വേദി. കോഴിക്കോട് എംപി എംകെ രാഘവനായിരുന്നു പ്രധാന സാക്ഷി. 

കോഴിക്കോട്: കണ്ടുനിന്നവര്‍ ആദ്യം ഒന്നമ്പരന്നു. നടുറോഡില്‍, ബിവറേജ് ഷോപ്പിന് മുന്നില്‍ പുതുമോടിയില്‍ യുവാവും യുവതിയും പരസ്പരം വരണ്യമാല്യം ചാര്‍ത്തുന്നു. പിന്നെയാണ് മനസ്സിലാകുന്നത് പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മക വിവാഹച്ചടങ്ങുകള്‍ സമരക്കാര്‍ നടത്തുകയാണെന്ന്. എന്തായാലും കൊവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കിയവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കോഴിക്കോടാണ് കാറ്ററിങ് തൊഴിലാളികള്‍ വേറിട്ട സമരം നടത്തിയത്. 

രാവിലെ പത്തരക്കായിരുന്നു മുഹൂര്‍ത്തം. പന്തീരാങ്കാവ് സ്വദേശി ധന്യയാണ് 'വധു'വായത്. 'വരന്‍' രാമനാട്ടുര സ്വദേശി പ്രമോദ്. എരഞ്ഞിപ്പാലം ബൈപ്പാസിന് സമീപം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലക്ക് മുന്‍വശമായിരുന്നു വിവാഹ വേദി. കോഴിക്കോട് എംപി എംകെ രാഘവനായിരുന്നു പ്രധാന സാക്ഷി. 

വഴിയരികിലെ വിവാഹം സത്യമാണെന്ന് ചിലര്‍ ധരിച്ചു. മാലയിടലും ബൊക്ക കൈമാറ്റവും കഴിഞ്ഞപ്പോഴാണ് സംഗതി പ്രതീകാത്മക സമരമാണെന്ന് ആളറിയുന്നത്. ഈ സമയം ബീവറേജ് ഷോപ്പിന് മുന്നില്‍ നൂറിലേറെ പേര്‍ മദ്യം വാങ്ങാനായി ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു. 

നൂറ് പേരുടെ വിവാഹ സദ്യക്ക് അനുമതിയില്ല. അതിനാല്‍ വിവാഹ പ്രതിഷേധത്തിന് പറ്റിയവേദി ബിവറേജസിന് മുന്നില്‍ തന്നെയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിനനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകള്‍ക്ക് കാറ്ററിങ്ങ് നടത്താന്‍ അനുമതി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തൊഴിലാളികളെ ക്ഷേമ നിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് രണ്ടായിരത്തോളം കാറ്ററിങ്ങ് സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്നുണ്ട്. ഇവിടങ്ങളിലായി രണ്ട് ലക്ഷത്തോളം പേരാണ് തൊഴിലെടുക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona