ആലപ്പുഴ: അർബുദം ഇല്ലാഞ്ഞിട്ടും കീമോ തെറാപ്പിക്ക് വിധേയയാക്കിയ ആലപ്പുഴ കുടശ്ശനാട്‌ സ്വദേശി രജനി നടത്തിയ സമരം അവസാനിപ്പിച്ചു. തിരുവോണ നാളിൽ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലായിരുന്നു സമരം. ആവശ്യങ്ങളിൽ 10 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ട‌ർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം നിർത്തിയത്. 

ചികിത്സാ പിഴവ് വരുത്തിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടി എടുക്കുക , കുടുംബത്തിന് നഷപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രജനിയുടെ സമരം. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനിക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോ തെറാപ്പി ചെയ്ത്. ചികിത്സാപിഴവിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് ഡോക്ടർമാരുടെ വിദഗ്‌ധ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.

മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാൽ പിന്നീട് നടപടി ഉണ്ടായില്ല. നീതി തേടി രജനിയും കുടുംബവും കഴിഞ്ഞ ജൂൺ മാസത്തിൽ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ചീഫ് സെക്രട്ടിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രജനിക്കും കുടുംബത്തിനും സഹായം നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകി. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് രജനി പറയുന്നു. ബിജെപി  മാവേലിക്കര  നിയോജക മണ്ഡലം  കമ്മിറ്റിയുടെ പിന്തുണയിലായിരുന്നു രജനിയുടെ സമരം.