2008 ലാണ് റോഡ് വികസനത്തിനായി വരാപ്പുഴയിൽ 30 മീറ്റർ ഭൂമി വീതം സര്‍ക്കാർ ഏറ്റെടുത്തത്. ചെറിയ ചില പ്രതിഷേധങ്ങളൊഴിച്ചാൽ ഭൂരിഭാഗം ആളുകളും തങ്ങളുടെ സ്ഥലം വിട്ടു നൽകി. നാല് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്ക് നഷ്ടപരിഹാരം പോലും സര്‍ക്കാർ നൽകിയത്.
കൊച്ചി: ദേശീയപാത വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പിനെതിരെ എറണാകുളം വരാപ്പുഴയിലെ പ്രദേശവാസികൾ. നേരത്തെ ഏറ്റെടുത്ത 30 മീറ്റർ ഭൂമി ഉപയോഗിക്കാതെ 45 മീറ്റർ കൂടി എടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. എന്നാൽ പുതിയ രൂപരേഖ പ്രകാരമാണ് സ്ഥലമേറ്റെടുപ്പെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം.
2008 ലാണ് റോഡ് വികസനത്തിനായി വരാപ്പുഴയിൽ 30 മീറ്റർ ഭൂമി വീതം സര്‍ക്കാർ ഏറ്റെടുത്തത്. ചെറിയ ചില പ്രതിഷേധങ്ങളൊഴിച്ചാൽ ഭൂരിഭാഗം ആളുകളും തങ്ങളുടെ സ്ഥലം വിട്ടു നൽകി. നാല് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്ക് നഷ്ടപരിഹാരം പോലും സര്‍ക്കാർ നൽകിയത്. എന്നാൽ പുതിയ രൂപരേഖ പ്രകാരം വരാപ്പുഴ മേശരിപ്പടി മുതൽ ഷെഡ്പടി വരെയുള്ള 1.2 കിലോമീറ്റർ ഭാഗത്ത്, നേരത്തെ ഏറ്റെടുത്ത ഭൂമി റോഡ് വികസനത്തിനായി ഉപയോഗിക്കുന്നില്ല. പകരം വീണ്ടും 45 മീറ്റർ കൂടി ഏറ്റെടുക്കാനൊരുങ്ങുകയാണ് ദേശീയ പാത അതോറിറ്റി.
ഫലത്തിൽ ഈ ഭാഗത്തെ റോഡ് വികസനത്തിന് സര്‍ക്കാർ ഏറ്റെടുക്കുന്നത് 75 മീറ്റർ ഭൂമി. പുതിയ രൂപരേഖ പ്രകാരം നിരവധി വീടുകളും കടകളും പൊളിക്കേണ്ടി വരും. തിരുമുപ്പം മഹാദേവക്ഷേത്ര ഭാഗത്ത് മുപ്പത് മീറ്റർ സ്ഥലമേറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനാൽ റോഡ് പണിയുന്പോൾ വലിയ വളവ് രൂപപ്പെടും. ഇതൊഴിവാക്കാനാണ് വീണ്ടും 45 മീറ്റർ സ്ഥലമേറ്റെടുക്കേണ്ടിവന്നതെന്നാണ് ദേശീയപാത അതോറിറ്റി നൽകുന്ന വിശദീകരണം.
