പരസ്പരം ആക്രോശിച്ചു ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇവിടെ വാക്പോരും നടക്കുന്നുണ്ട്

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കവരുന്നു എന്നാരോപിച്ച് സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച യുഡിഎഫ് എംഎൽഎമാരും വാച്ച് ആൻഡ് വാർഡുമായി ഏറ്റുമുട്ടൽ. ഭരണപക്ഷ അംഗങ്ങൾക്കൂടി എത്തി പ്രതിപക്ഷ സാമാജികരെ നേരിട്ടതോടെ നിയമസഭാ മന്ദിരം അസാധാരണ സംഘർഷത്തിന്റെ വേദിയായി. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ കെ രമ, സനീഷ്‌കുമാർ ജോസഫ് എന്നിവർ അടക്കം അഞ്ച് പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷവും ആക്രമിച്ചതായി ആരോപണമുയർന്നു. സനീഷ് ജോസഫ് എംഎൽഎയും അഡീ. ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. അഞ്ച് വനിതകൾ അടക്കം ഏഴു വാച് ആൻഡ് വാർഡും ആശുപത്രിയിലായി.

പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ഇവർ കുറ്റപ്പെടുത്തി. സ്പീക്കർ ഓഫീസിലേക്ക് വന്നില്ല. അതിനിടെ വാച്ച് ആന്റ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എൽ എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിൻ ദേവ് , അൻസലൻ എന്നിവർ ഓഫിസിന് മുന്നിലെത്തിയിട്ടുണ്ട്. പരസ്പരം ആക്രോശിച്ചു ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇവിടെ വാക്പോരും നടക്കുന്നുണ്ട്.

അതിനിടെ വാച്ച് ആന്റ് വാർഡ് ഉദ്യോഗസ്ഥർ അംഗങ്ങളെ ഓരോരുത്തരെയായി ബലം പ്രയോഗിച്ച് മാറ്റി. വാച്ച് ആൻഡ് വാർഡ് സനീഷ് കുമാർ എംഎൽഎ കൈയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലെ ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്പീക്കറുടെ ഓഫീസിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്. സഭയിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് സ്പീക്കർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം.