വയനാട്: മുസ്ലീം ലീഗ് എംപി പി വി അബ്ദുല്‍വഹാബിന്‍റെ ഉടമസ്ഥതയിലുള്ള വയനാട് കുറിച്യാർമല എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. തൊഴില്‍ദിനങ്ങള്‍‍ വെട്ടിച്ചുരുക്കിയതിനെതിരേയാണ് സംയുക്ത ട്രേഡ്‍യൂണിയന്‍റെ നേതൃത്വത്തതിൽ സമരം നടക്കുന്നത്. ഒരു തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ തോട്ടം കയ്യേറി വിളവെടുക്കുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.

ശമ്പളം കൃത്യമായി നല്‍കാത്തതിനെതിരെയും തൊഴില്‍ദിനങ്ങള്‍ മാസത്തില്‍ 10 ദിവസമായി വെട്ടിച്ചുരുക്കിയതിനുമെതിരെയാണ് കുറിച്യാർമല എസ്റ്റേറ്റിലെ ഇരുനൂറിലധികം വരുന്ന തൊഴിലാളികള്‍ ഒരാഴ്ച മുന്‍പ് അനിശ്ചിതകാല സമരമാരംഭിച്ചത്. ഇതിനിടെ തോട്ടം കയ്യേറി വിളവെടുക്കാനും നടപടികള്‍ തുടങ്ങി. പക്ഷേ മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്ന് അനകൂല പ്രതികരണമുണ്ടായില്ല. 

സമരക്കാരുമായി കഴിഞ്ഞയാഴ്ച ലേബർ ഓഫീസറുടെ മധ്യസ്ഥതയില്‍ വിളിച്ച ചർച്ചയിലും മാനേജ്മെന്‍റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. തുടർന്നാണ് തോട്ടം ഉടമയും മുസ്ലിം ലീഗ് രാജ്യസഭാ എംപിയുമായ പിവി അബ്ദുല്‍വഹാബിന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്കും തൊഴിലാളികള്‍ പ്രതിഷേധ മാർച്ച് നടത്തിയത്. പരിഹാരം ഇനിയും വൈകിയാല്‍ ജില്ലാ ലേബർ ഓഫീസടക്കം ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം.