Asianet News MalayalamAsianet News Malayalam

'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം': കോഴിക്കോട് എൻഐടി പ്രൊഫസറുടെ കമന്റ് വിവാദത്തിൽ

ഗൗരവമുള്ള കമന്റല്ല ഇട്ടതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ഷൈജ ആണ്ടവന്‍

Proud about godse comments calicut NIT proffesor Shaija andavan on facebook kgn
Author
First Published Feb 3, 2024, 11:47 AM IST

കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്സയെ പ്രകീര്‍ത്തിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കോഴിക്കോട് എന്‍ഐടി പ്രഫസറുടെ കമന്റ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം പ്രഫസര്‍ ഷൈജ ആണ്ടവനാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് താഴെ ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന കമന്റിട്ടത്. ഹിന്ദു മാഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ പ്രതികരണം വന്നത്.  എന്നാല്‍ ഗൗരവമുള്ള കമന്റല്ല ഇട്ടതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ഷൈജ ആണ്ടവന്‍ പ്രതികരിച്ചു. കമന്റ് ഡിലീറ്റ് ചെയ്യില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് അഡ്വ കൃഷ്ണരാജെന്ന പ്രൊഫൈല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തിനു താഴെയായിരുന്നു എന്‍ഐടി പ്രൊഫസറായ ഷൈജ ആണ്ടവന്‍റെ വിവാദ പരാമര്‍ശം. നാഥുറാം വിനായക് ഗോഡ്സെ ഒരുപാട് പേരുടെ ഹീറോ എന്ന അഡ്വ കൃഷ്ണരാജിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന്‍ കമന്‍റിട്ടത്. പ്രാണപ്രതിഷ്ഠാദിനത്തില്‍ സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി കൂട്ടായ്മ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കുകയും കാവി നിറത്തില്‍ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും ചെയ്തതിനെച്ചൊല്ലിയുളള വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനു പിന്നാലെയായിരുന്നു ഈ സംഭവം.

അധ്യാപികയുടെ കമന്‍റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. കമന്‍റ് ഇട്ടത് താന്‍ തന്നെയെന്ന് പറ‍ഞ്ഞ ഷൈജ ആണ്ടവന്‍ താന്‍ കമന്‍റിട്ടത് അത്ര ഗൗരവത്തോടെയല്ലെന്നും വിശദീകരിച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കോളജ് ചുമതലപ്പെടുത്തിയ സമിതിയില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ഷൈജ വ്യക്തമാക്കി.

അതിനിടെ, പ്രാണപ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് എന്‍ഐടി കാമ്പസിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ പത്തു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യയുടെ ഭൂപടം കാവിനിറത്തില്‍ തയാറാക്കിയതിനെതിരെ പ്രതിഷേധിച്ചതിന് ഒരു സംഘം  മര്‍ദിച്ചെന്ന കൈലാസ് എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പത്തുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വൈശാഖ് പ്രേംകുമാറെന്ന വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്ത നപടിക്കെതിരെ എന്‍ഐടി കാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്എഫ്ഐ ,കെഎസ് യു, ഫ്രട്ടേണിറ്റി സംഘടനകളിലെ 25 പേര്‍ക്കെതിരെയും കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios