അരിപ്പ സമരഭൂമിയിലുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷണത്തിന് വഴിയില്ലെന്നും അരിയോ ഭക്ഷണകിറ്റോ ലഭിച്ചില്ലെന്നും പക്ഷിമൃഗാദികളേയും അതിഥി തൊഴിലാളികളേയും പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ ഇവരേയും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ലോക്ക്ഡൗണ്‍ കാലത്തിട്ട ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് കേസ്

കുളത്തൂപ്പുഴ: ഭൂസമരം നടത്തുന്ന കുടുംബങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് സാമൂഹ്യ പ്രവര്‍ത്തകയായ അധ്യാപികയ്ക്ക് എതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് എടുത്തു. മേധാപട്കറുടെ നേതൃത്വത്തിലുള്ള നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് (എ ന്‍ എ പി എം) സംസ്ഥാന കണ്‍വീനറും മാള കാര്‍മല്‍ കോളജ്അധ്യാപികയുമായ പ്രൊഫ. കുസുമം ജോസഫിന് എതിരെയാണ്, കുളത്തൂപ്പുഴ പൊലീസ് കേസ് എടുത്തത്. കുളത്തൂപ്പുഴ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരെയും സോഷ്യല്‍ മീഡിയാ പോസ്റ്റുകളുടെ പേരില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്ന യു പി മോഡല്‍ കേരളത്തിലും വരികയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് പ്രൊഫ. കുസുമം ജോസഫ് എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

ദലിത്, ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് 2012 മുതല്‍ നടന്നു വരുന്ന അരിപ്പ ഭൂസരവുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ പേരിലാണ് നടപടി. വിവിധ ജില്ലകളില്‍നിന്നു വന്ന് ഇവിടെ കുടില്‍കെട്ടി താമസിക്കുന്ന ദലിത്, ആദിവാസി വിഭാഗക്കാര്‍ ലോക്ക്ഡൗണിനിടെ പട്ടിണിയിലാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് ഭക്ഷണം എത്തിക്കണം എന്നുമാവശ്യപ്പെട്ടാണ് 2020 ഏപ്രില്‍ 20 ന് പ്രാഫ. കുസുമം ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പക്ഷിമൃഗാദികളേയും അതിഥി തൊഴിലാളികളേയും പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ സമരഭൂമിയിലെ മനുഷ്യരെയും പരിഗണിക്കണമെന്നും അരിയും അവശ്യവസ്തുക്കളും എത്തിക്കണമെന്നും പോസ്റ്റിലുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കൊല്ലം ജില്ലാ കലക്ടറും മന്ത്രി കെ രാജുവും തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണോയെന്ന് ചോദിക്കുന്നതായിരുന്നു പോസ്റ്റ്. 

ഇതാണ് പോസ്റ്റ്: 

അതു കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ്, പഞ്ചായത്ത് സെക്രട്ടറി പരാതിയില്‍ പൊലീസ് ഐപിസി 153, കേരളാ പൊലീസ് ആക്ട് 118(ഡി), 120(ഒ) എന്നീ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തത്. സര്‍ക്കാറിന് എതിരെ കലാപമുണ്ടാക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇത്. ദൂരയാത്ര കഴിഞ്ഞ് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന പ്രൊഫ കുസുമം ജോസഫിന്റെ വീട്ടിലെത്തിയ പൊലീസുകാര്‍ 72 മണിക്കൂറിനുള്ളില്‍ ഫേസ്ബുക്ക് കുറിപ്പ് ഇടാനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രഹികളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സമന്‍സ് നല്‍കി. 

ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ആരെങ്കിലും സംസാരിച്ചാല്‍ അവരെയൊക്കെ തീവ്രവാദികള്‍ അല്ലെങ്കില്‍ ആക്കുന്ന അവസ്ഥയാണ് കേരളത്തിലുമെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി എന്ന് പ്രൊഫ കുസുമം ജോസഫ് പറഞ്ഞു. സമരഭൂമിയില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അരിപ്പയില്‍ നിന്ന് സമരം ചെയ്യുന്നവര്‍ അറിയിച്ചതിനു പിന്നാലെ ഭരണകക്ഷി നേതാക്കളെ ബന്ധപ്പെട്ട് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് സംഭവത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പൊതുരംഗത്ത് സജീവമായി ഇടപെടുന്ന വ്യക്തിയാണ് താന്‍. അധികാരികളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ആരൊക്കെയോ വിചാരിക്കുന്നുണ്ട്, ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ആരെങ്കിലും സംസാരിച്ചാല്‍ അവരൊക്കെ തീവ്രവാദികള്‍ അല്ലെങ്കില്‍ മാവോയിസ്റ്റുകള്‍ ആവുന്ന അവസ്ഥയാണുള്ളത്. അത് ഇടതുപക്ഷ സര്‍ക്കാര്‍ ആയതുകൊണ്ട് മാത്രമാണെന്ന് കരുതുന്നില്ല-കുസുമം ജോസഫ് പറഞ്ഞു. 

'ആ പോസ്റ്റില്‍ പ്രകോനം സൃഷ്ടിക്കുന്നതായി ഒന്നുമില്ല. പഞ്ചായത്ത് സെക്രട്ടറി പോസ്റ്റ് കണ്ട സമയത്ത് അത്തരം സംഭവമില്ലയെന്നോ അല്ലെങ്കില്‍ അവര്‍ക്ക് അരിയെത്തിച്ച് കൊടുത്തിട്ടുണ്ടെന്നോ ആ പോസ്റ്റില്‍ തന്നെ പറയാമല്ലോ, അത് പോലുമില്ലാതെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പേരില്‍ ഒരു വര്‍ഷത്തിനുശേഷം കേസെടുക്കുന്നത് എങ്ങനെയാണ്? ഇത് എന്ത് അജന്‍ഡയാണ്? ആരുടെ അജണ്ടയാണ്? ഒരു വര്‍ഷത്തിന് മുന്‍പ് ഇട്ട കുറിപ്പിനേക്കുറിച്ച് കുളത്തൂപ്പുഴ സ്റ്റേഷനില്‍ നിന്ന് ഒരിക്കല്‍ പോലും വിളിച്ച് ചോദിക്കുകയോ ഒന്നുമുണ്ടായില്ലെന്നും കുസുമം ജോസഫ് വിശദമാക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും കുസുമം ജോസഫ് പറഞ്ഞു.


കൃത്യമായ അന്വേഷണം ഇല്ലാതെ ആരോ പറഞ്ഞുള്ള വിവരമനുസരിച്ചായിരുന്നു കുസുമം ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പെന്ന് പറഞ്ഞാണ് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കിയതെന്ന് കുളത്തൂപ്പുഴ സിഐ സജുകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് ആദ്യ തരംഗ സമയത്തായിരുന്നതിനാല്‍ കേസ് താമസിച്ചതാണെന്നും ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സജുകുമാര്‍ പറഞ്ഞു. അരിപ്പ ഭൂസമര സ്ഥലത്ത് പഞ്ചായത്തില്‍ നിന്ന് ഭക്ഷണം എത്തിച്ചതിന്റെ രേഖകള്‍ സെക്രട്ടറി നല്‍കിയിരുന്നെന്നും അതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നും കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു. 

എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്ത് പട്ടിണിയിലാവുന്ന സാഹചര്യത്തില്‍ നിരവധി തവണ പഞ്ചായത്ത് അടക്കമുള്ളവരോട് സഹായം തേടിയിട്ടും നിര്‍ണായക ഘട്ടത്തില്‍ ഒരു സഹായവും കിട്ടിയില്ലെന്ന് സമരസമിതി നേതാവായ ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നു. തങ്ങളെ പട്ടിണിക്കിട്ട് കൊല്ലാനാണ് അന്ന് ശ്രമം നടന്നതെന്നും അതിനു ശേഷമാണ്, ഇപ്പോള്‍ അക്കാര്യം പുറത്തുപറയുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona