കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും
കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യത്തിൽ എ വിജയരാഘവൻ സിപിഎം ആക്ടിങ് സെക്രട്ടറിയായിരിക്കെയായിരുന്നു എകെജി സെന്ററിൽ നേരിട്ടെത്തി പിഎസ് പ്രശാന്ത് പാർട്ടിയിൽ ചേർന്നത്

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പ്രശാന്ത്. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുകയായിരുന്നു. കെ അനന്തഗോപന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് പിഎസ് പ്രശാന്ത് പ്രസിഡന്റാവുക. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഡിസിസി പുനഃസംഘടനയെ ചൊല്ലി പാർട്ടിയിൽ കലാപമുയർത്തിയ പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം സിപിഎമ്മിൽ ചേർന്നത്. കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യത്തിൽ എ വിജയരാഘവൻ സിപിഎം ആക്ടിങ് സെക്രട്ടറിയായിരിക്കെയായിരുന്നു എകെജി സെന്ററിൽ നേരിട്ടെത്തി പിഎസ് പ്രശാന്ത് പാർട്ടിയിൽ ചേർന്നത്. മുൻപ് കെപിസിസി സെക്രട്ടറിയായിരുന്ന പിഎസ് പ്രശാന്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പാലോട് രവിയെ ഡിസിസി അധ്യക്ഷനാക്കിയതിനെ തുടർന്നാണ് പ്രശാന്ത് പാർട്ടിയിൽ കലാപത്തിരി കൊളുത്തിയത്. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചയാളിന് പ്രമോഷൻ കൊടുത്തത് ശരിയായില്ലെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകന് സഹിക്കാനാകാത്ത അനുഭവങ്ങളാണ് കോൺഗ്രസിൽ നിന്നും ഉണ്ടായതെന്നും പ്രശാന്ത് അന്ന് കുറ്റപ്പെടുത്തിയിരുന്നു.