Asianet News MalayalamAsianet News Malayalam

കോടിയേരി ദേവലോകം സന്ദർശിച്ചത് ക്ഷണിച്ചിട്ടാണോ? പിഎസ് ശ്രീധരൻ പിള്ള

  • ഓർത്തഡോക്സ് സഭയുടെ ക്ഷണം ലഭിച്ചിട്ടാണ് ഞാൻ ദേവലോകത്ത് പോയത്. 
  • ഉപതെരഞ്ഞെടുപ്പിൽ സാമുദായിക നേതാക്കളുടെ നിലപാട് അംഗങ്ങൾ പാടേ അവഗണിക്കില്ല
PS Sreedharan pilla question kodiyeri balakrishnan devalokam aramana
Author
Thiruvananthapuram, First Published Oct 23, 2019, 8:58 PM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമന സന്ദർശിച്ചത് ക്ഷണം ലഭിച്ചിട്ടാണോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ചോദ്യം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ സന്ദർശനം പരാമർശിച്ചാണ് പിഎസ് ശ്രീധരൻ പിള്ളയുടെ ചോദ്യം. 

"ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം എല്ലാ സാമുദായിക നേതാക്കളെയും അവരുടെ അകത്തളങ്ങളിൽ പോയി സൗഹൃദം പങ്കിടാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭയുടെ ക്ഷണം ലഭിച്ചിട്ടാണ് ഞാൻ ദേവലോകത്ത് പോയത്. സെമിനാരിയിൽ വച്ച് എനിക്ക് സ്വീകരണം നൽകി. പിന്നീട് പൊന്നാടയണിയിച്ച് ആദരിച്ചു. ഇതൊരു സൗഹാർദ്ദമാണ്. കോടിയേരി ബാലകൃഷ്ണൻ പോയത് ക്ഷണിച്ചിട്ടാണോയെന്ന് വ്യക്തമാക്കണം," അദ്ദേഹം പറഞ്ഞു.

"കേരളത്തിൽ സാമുദായിക സംഘടനകൾക്ക് സ്വാധീനമുണ്ട്. നേതാക്കൾ രാഷ്ട്രീയ അഭിപ്രായം പറയുമ്പോൾ സംഘടനകളിലെ  അംഗങ്ങളിൽ പലരും അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. അതിന് കാരണം നേതാക്കളും അംഗങ്ങളും തമ്മിലുള്ള സൗഹൃദമാണ്. സമുദായ അംഗങ്ങളും അതിന്റെ നേതൃത്വവും തമ്മിൽ വളരെ നല്ല സൗഹൃദം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പിലും സാമുദായിക നേതാക്കളുടെ നിലപാട് അംഗങ്ങൾ പാടേ അവഗണിക്കുമെന്ന് ഞാൻ കരുതുന്നില്ല."

"ജാതിമത രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്ന സംസ്ഥാനം കേരളമാണ്. സമുദായങ്ങളുടെ സ്വാധീനം കൂടി വരുന്നെന്ന അഭിപ്രായമില്ല. കേരള രാഷ്ട്രീയം സാമുദായിക രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമാണ്. അതിന്റെ കുറ്റത്തിൽ നിന്ന് അന്നത്തെ ജനസംഘത്തിനും ഇന്നത്തെ ബിജെപിക്കും മാറിനിൽക്കാനാവും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴാണ് ജാതി രാഷ്ട്രീയം വന്നത്. എന്നാൽ കേരളത്തിൽ 1957 തൊട്ട് തന്നെ ജാതി രാഷ്ട്രീയം ഉണ്ട്. അതിന് കാരണക്കാർ ഇവിടുത്തെ കോൺഗ്രസുകാരും കമ്യൂണിസ്റ്റ് പാർട്ടികളുമാണ്," അദ്ദേഹം ആരോപിച്ചു.

Follow Us:
Download App:
  • android
  • ios