തിരുവനന്തപുരം: നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരൻപിള്ള. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ താന്‍ അതിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ടുവെന്നും ശ്രീധരൻപിള്ള പറഞ്ഞു. ന്യൂനപക്ഷത്തിന്‍റെ ജീവൻ അപകടത്തിലാണെന്ന് ഇരുമുന്നണികളും പ്രചരിപ്പിച്ചുവെന്നും കോൺഗ്രസ്സിന് ആശയമില്ല, ആമാശയം മാത്രമാണുള്ളതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

"വിമര്‍ശിച്ചോളൂ പക്ഷേ, കള്ളപ്രചരണം നടത്തരുത്. കോടതിയില്‍ കേസ് കൊടുത്ത് കഴിഞ്ഞു. പോരാടാന്‍ തന്നെയാണ് തീരുമാനം. താൻ വർഗ്ഗീയത പ്രചരിപ്പിച്ചുവെന്ന് പറഞ്ഞവർ പ്രതിക്കൂട്ടിൽ നിൽക്കും" ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല നമ്മുടെ നെഞ്ചിലാണെന്നും നമ്മുടെ ആത്മാവാണെന്നും പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശബരിമലയെ തെരുവിലേക്ക് വലിച്ചിഴക്കാനും വിൽപനച്ചരക്ക് ആക്കാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.