Asianet News MalayalamAsianet News Malayalam

''പിഎസ്‍സി വിവാദത്തിൽ കമന്‍റിടുന്ന പലരും പെയ്‍ഡ് ഏജൻസിക്കാർ'', എം വി ജയരാജൻ

ഫേസ്ബുക്കിൽ പ്രതികരിക്കുന്ന പലരും റാങ്ക് ലിസ്റ്റിൽപ്പോലും ഇല്ലാത്തവരാണെന്നാണ് എം വി ജയരാജൻ പറയുന്നത്. ഇതിനെ പ്രതിരോധിക്കണമെന്ന് പാർട്ടി അണികൾക്ക് കൊടുത്ത നിർദേശം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും എം വി ജയരാജൻ.

psc controversy mv jayarajan message to cpim committees reply
Author
Kannur, First Published Sep 3, 2020, 10:56 AM IST

കണ്ണൂർ: പിഎസ്‍സി നിയമനവിവാദത്തിൽ ആസൂത്രിതമായി കമന്‍റിടണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയതിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പാർട്ടിക്കെതിരെ ഫേസ്ബുക്കിൽ പെയ്‍ഡ് ഏജൻസികളുടെ പ്രവർത്തനം നടക്കുന്നു. പിഎസ്‍സി വിവാദത്തിൽ കമന്‍റിടുന്ന പലരും റാങ്ക് ലിസ്റ്റിൽപ്പോലും ഇല്ലാത്തവരാണ്. അവരെല്ലാം കോൺഗ്രസിന്‍റെയും ബിജെപിയുടെയും പെയ്‍ഡ് നവമാധ്യമഏജൻസികളിൽ നിന്ന് കമന്‍റുകൾ ഇടുകയാണെന്നും ജയരാജൻ പറഞ്ഞു.

ഇതിനെ പ്രതിരോധിക്കാൻ കീഴ്ഘടകങ്ങൾക്ക് നൽകിയ നി‍ർദേശം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും എം വി ജയരാജൻ പറയുന്നു. സർക്കാരിനെതിരെ കമന്‍റുകൾ വരുന്നത് ചില കേന്ദ്രങ്ങളിൽ നിന്നാണ്. അതിന് കൃത്യമായി പ്ലാനുണ്ട്. ഇതിനെ പാർട്ടി പ്രതിരോധിക്കുമെന്നും എം വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

പാർട്ടിക്കെതിരായ പ്രചാരണങ്ങളെ എങ്ങനെ നേരിടുമെന്നാലോചിച്ചപ്പോഴാണ് ഇതിന് വ്യക്തമായ പദ്ധതി തയ്യാറാക്കിയത്. സമൂഹമാധ്യമങ്ങളിൽ ഒരു മോശം പരാമർശവും പാർട്ടി പ്രവർത്തകർ നടത്തില്ല. തെറ്റായ പ്രതികരണങ്ങൾ പാർട്ടി പ്രവർത്തകരിൽ നിന്ന് ഉണ്ടാകാതിരിക്കാനാണ് കാപ്സ്യൂൾ രൂപത്തിൽ കമന്‍റുകൾ തയ്യാറാക്കി നൽകുന്നത് എന്നും എം വി ജയരാജന്‍റെ വിശദീകരണം. 

അതേസമയം, കോൺഗ്രസ് ഓഫീസുകൾ ഇനി കണ്ണൂരിൽ ആക്രമിച്ചാൽ അടിച്ചാൽ തിരിച്ചടിക്കുമെന്ന കെ സുധാകരന്‍റെ പ്രസംഗത്തിനെതിരെയും രൂക്ഷവിമർശനമുയർത്തി എം വി ജയരാജൻ. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് കെ സുധാകരൻ. സമൂഹമാധ്യമങ്ങളിൽ മോശമായി പെരുമാറരുത് എന്ന് പാർട്ടിയ്ക്ക് അകത്ത് നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ പല തരത്തിലും പ്രകോപിപ്പിക്കും. നിയന്ത്രണം കൈവിടരുതെന്നും നിർദേശം നൽകിയതായും എം വി ജയരാജൻ വ്യക്തമാക്കി. 

സിവിൽ എക്സൈസ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഉദ്യോഗാർത്ഥി അനു ജോലി കിട്ടാത്തതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും ഫേസ്ബുക്ക് പോസ്റ്റിനും ലൈവുകൾക്കും താഴെ ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിൽ ആസൂത്രിമായി പ്രതിരോധിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറി കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയത്.

സർക്കാരിന് അനുകൂലമായി ആസൂത്രിതമായി ഫേസ്ബുക്കിൽ നീങ്ങാനാണ് കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദ്ദേശം നൽകിയിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ പരാതി ഉന്നയിക്കുമ്പോൾ മറുപടിയായി പാർട്ടി തയ്യാറാക്കി അയച്ചുതരുന്ന കമന്റുകൾ കൂട്ടത്തോടെ പോസ്റ്റ് ചെയ്യണം. ഒരു ലോക്കൽ കമ്മറ്റിക്ക് കീഴിൽ നിന്നും കുറഞ്ഞത് മുന്നൂറ് പേരെങ്കിലും ഒരു കമന്റ് പോസ്റ്റ് ചെയ്യണമെന്നും ഇത് പാർട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ജയരാജൻ പ്രാദേശിക നേതാക്കൾക്കയച്ച ശബ്ദ സന്ദേശം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios