തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയില്‍ ക്രമക്കേട് നടത്താന്‍ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളെ സഹായിച്ചവരില്‍ ഒരാള്‍ പൊലീസുകാരന്‍ ആണെന്ന് കണ്ടെത്തി. റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനായ പ്രണവിന്‍റെ ഫോണിലേക്ക് സന്ദേശം അയച്ചത് പൊലീസുകാരനായ ഗോകുല്‍ വി എം ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

പരീക്ഷാസമയത്ത് പ്രണവിന്‍റെ ഫോണിലേക്ക് മൂന്ന് നമ്പരുകളില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പിഎസ്‍സി വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു. ഇതിലൊന്ന് ഗോകുലിന്‍റെ പേരിലുള്ളതാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. എസ്എപി ക്യാമ്പിലെ പൊലീസുകാരനും പ്രണവിന്‍റെ അയല്‍വാസിയുമാണ് ഗോകുല്‍. പ്രണവിനെ സഹായിക്കാന്‍ വേണ്ടി  പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കാനായി ഗോകുൽ കടയിൽ നൽകിയത് പൊലീസിന്റെ ഔദ്യോഗിക നമ്പർ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. 

കോൺസ്റ്റബിൾ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണിൽ രണ്ട് മണി മുതൽ മൂന്നേകാല്‍ മണി വരെ സന്ദേശങ്ങളെത്തിയെന്നാണ് പിഎസ്‍സി വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. പല ഫോണ്‍ നമ്പറുകളില്‍ നിന്നാണ് രണ്ട് പ്രതികള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചത്. ശിവരഞ്ജിത്തിന്റെ നമ്പറിലേക്ക് 7907508587, 9809269076 എന്നീ നമ്പരുകളിൽ നിന്നും എസ്എംഎസ് വന്നെന്നും പ്രണവിന്റെ 9809555095 എന്ന നമ്പരിലേക്ക് 7907936722, 8589964981, 9809269076 എന്നീ നമ്പരുകളിൽ നിന്നും എസ്എംഎസ് വന്നെന്നും പിഎസ്‍സി ചെയര്‍മാന്‍ എം കെ സക്കീർ പറഞ്ഞിരുന്നു. എസ്എംഎസ് വന്ന ഒരു നമ്പരിലേക്ക് പരീക്ഷക്ക് ശേഷം പ്രണവ് തിരിച്ചു വിളിച്ചിരുന്നെന്നും സക്കീർ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞു.